കൊട്ടിയം: കൊല്ലം ബൈപാസ് റോഡിൽ കാറുകൾ കൂട്ടിമുട്ടി ആറു പേർക്ക് പരിക്കേറ്റു.
കാസർകോട് സ്വദേശികളായ മൂസാ നൗഫൽ, സാദത്ത്, സൈഫുദ്ദീൻ, ബാസിത്ത്, കൊട്ടിയം മൈലാപ്പൂര് സ്വദേശികളായ റഹുമത്ത് (42) മകൻ ഇൻസമാം ( 20) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ പാലത്തറയിലുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ മൂസാ നൗഫൽ, സാദത്ത് എന്നിവരെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
എറണാകുളം ദിശയിലേക്ക് പോകുകയായിരുന്നു കാറുകൾ.
വിദേശത്തു നിന്നു നെടുമ്പാശ്ശേരി എയർപോർട്ടിലെത്തുന്ന ഭർത്താവിനെ കൂട്ടികൊണ്ടുവരുന്നതിനായി പോകുകയായിരുന്ന കൊട്ടിയം സ്വദേശികളായ ഉമ്മയും മകനുമാണ് ഒരു കാറിൽ ഉണ്ടായിരുന്നത്.
വ്യാഴാഴ്ച പുലർച്ചെ നാലേ മുക്കാലോടെ ബൈപാസ് റോഡിൽ അയത്തിൽ സാരഥി ജംഗ്ഷനിലായിരുന്നു അപകടം.മലിനജലം കയറ്റി പോകുന്ന ടാങ്കർ ലോറിയാണ് അപകടത്തിന് കാരണമായത്. ടാങ്കർ പെട്ടെന്ന് വലതു വശത്തേക്ക് വെട്ടി തിരിച്ചപ്പോൾ പിന്നാലെ വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു.