കൊല്ലം: കൊട്ടിയം ജംഗ്ഷനിൽ അധികൃതർ പുലർത്തുന്ന അനാസ്ഥയുടെ അടയാളമാണ് വർഷങ്ങൾക്ക് മുമ്പ് മിഴിയടച്ച ഹൈമാസ്റ്റ് ലൈറ്റ്. പ്രവർത്തന രഹിതമായിട്ട് നാല് വർഷത്തിലേറെ ആയിട്ടും അധികൃതർ ഇതുവരെ അറ്റകുറ്റപ്പണി നടത്താനോ പകരം ലൈറ്റ് സ്ഥാപിക്കാനോ തയ്യാറായിട്ടില്ല.
12 വർഷം മുമ്പ് പി. രാജേന്ദ്രന്റെ എം.പി ഫണ്ട് ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. വർഷങ്ങൾ പിന്നിട്ടതോടെ സോഡിയം വേപ്പർ ലാമ്പുകൾ ഓരോന്നായി അണഞ്ഞ് തുടങ്ങി. എട്ട് വർഷം കഴിഞ്ഞതോടെ ഒന്നുപോലും പ്രകാശിക്കാതായി.
ജംഗ്ഷനിൽ ഡിവൈഡറിന്റെ ഇരുഭാഗത്തും എൽ.ഇ.ഡി ലെറ്റുകളുണ്ട്. പക്ഷെ ദേശീയപാതയിൽ കണ്ണനല്ലൂർ, മയ്യനാട് റോഡുകൾ സന്ധിക്കുന്ന ഭാഗത്ത് നിൽക്കുന്ന ഈ ഹൈമാസ്റ്റ് ലൈറ്റിന് പകരമായി ഒന്നും സ്ഥാപിച്ചിട്ടില്ല. ജംഗ്ഷനിലെ കടകളെല്ലാം അടയ്ക്കുന്നതോടെ ജംഗ്ഷന്റെ ഹൃദയഭാഗത്ത് പിന്നെ അരണ്ട വെളിച്ചമേ ഉണ്ടാകൂ. നാല് റോഡുകൾ സന്ധിക്കുന്ന ഭാഗത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തത് അപകടങ്ങൾക്കും ഇടയാക്കുന്നു.
മയ്യനാട് പഞ്ചായത്തിനാണ് ലൈറ്റിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല. ഭീമമായ വൈദ്യുതി ചാർജ് ഭയന്ന് പഞ്ചായത്ത് അറ്റകുറ്റപ്പണി ബോധപൂർവം ഒഴിവാക്കുകയാണ്. ഒരു വർഷം മുമ്പ് ലൈറ്റ് അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്ത് ആലോചിച്ചു. എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കണ്ടപ്പോൾ പഞ്ചായത്ത് നവീകരിക്കാനുള്ള ആലോചന നിമിഷങ്ങൾക്കുള്ളിൽ ഉപേക്ഷിക്കുകയായിരുന്നു.
'' പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗമാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ അതിന്റെ രേഖകളൊന്നും പഞ്ചായത്തിന് കൈമാറിയിട്ടില്ല. അതാണ് അറ്റകുറ്റപ്പണി വൈകാൻ കാരണം. പ്രശ്ന പരിഹാരത്തിനുള്ള വഴി പഞ്ചായത്ത് ആലോചിച്ച് വരികയാണ്."
എൽ. ലക്ഷ്മണൻ (മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ്)