ഏരൂർ: മലയോര ഹൈവേയുടെ നിർമ്മാണം ഇഴയുന്നത് യാത്രക്കാരെയും റോഡരികിൽ താമസിക്കുന്നവരേയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. മാസങ്ങളായി നടക്കുന്ന റോഡ് നിർമ്മാണം അത്രകണ്ടാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. ഗതാഗതം ഇഴയുന്നതും പൊടി ശല്യവുമാണ് ഇവിടുത്തെ പ്രധാന പ്രശ്നം.
പഴയ ടാറിംഗ് ഇളക്കിമാറ്റിയാണ് മലയോര ഹൈവേ നിർമ്മിക്കുന്നത്. ഇത്തരത്തിൽ റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായി. ഇതോടെയാണ് റോഡരികിൽ താമസിക്കുന്നവർ പൊടിതിന്ന് തുടങ്ങിയത്. തുടർച്ചയായി നവീകരണം നടത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഇവർ പറയുന്നത്. കുളത്തൂപ്പുഴ മുതൽ ആലഞ്ചേരി വരെയുള്ള ഭാഗം പരിശോധിച്ചാൽ തന്നെ ഇത് മനസിലാകും. ഒന്നോ രണ്ടോ കിലോമീറ്റർ ദൂരം അല്പം നാൾ നവീകരണം നടത്തും. പിന്നീട് അവിടെനിന്നും പിൻവാങ്ങി മറ്റെവിടെയെങ്കിലുമാകും ജോലികൾ. ഇതോടെയാണ് വാഹനയാത്രയും കാൽനട യാത്രയും ഒരുപോലെ ദുസ്സഹമായത്. വെയിലായാൽ പൊടി ശല്യം മഴയായാൽ ചെളിയും ഇതാണ് ഇവിടുത്തെ അവസ്ഥ.
റോഡിന്റെ ഉയരം വർദ്ധിച്ചതോടെ മഴസമയത്ത് വീടുകളിലേക്ക് വെള്ളം കയറുന്നതും മറ്റൊരു പ്രശ്നമാണ്. മുറ്റത്ത് ചെളിവെള്ളം നിറയുന്നതിനാൽ കിണറിലെ വെള്ളം ഉപയോഗിക്കാനാകാത്ത വിധം മലിനമാകുന്നുണ്ട്. മുറ്റത്തിറങ്ങാനാകാത്ത വിധം ചെളിക്കുണ്ട് രൂപപ്പെട്ടതും പ്രദേശവാസികളെ വലയ്ക്കുന്നു.
ഏരൂർ ഗവ. എൽ.പി.എസ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ മുൻഭാഗത്തെ നവീകരണം ഇനിയും പൂർത്തിയാകാത്തതും വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. അദ്ധ്യയന സമയത്ത് കനത്ത പൊടിയാണ് ക്ളാസ് മുറികളിലേക്ക് അടിച്ചുകയറുന്നത്. ഏരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചുനീക്കിയതും വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും നിർമ്മാണത്തിന്റെ വേഗത വർദ്ധിപ്പിക്കണമെന്നുമാണ് ഏവരുടെയും ആവശ്യം.
വികസന പ്രവർത്തനങ്ങൾ ജനജീവിതം ദുസഹമാക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എത്രയും വേഗം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
സുധീഷ് കുമാർ, സുധീഷ് ഭവൻ, ആലഞ്ചേരി