maneesh

ഓച്ചിറ: തട്ടുകടയ്ക്ക് മുന്നിൽ വച്ച് ഒരാളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടു പേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി വലിയകുളങ്ങര വിത്രോളിത്തറയിൽ ജിതിൻരാജ് (22, നന്ദു), എട്ടാം പ്രതി മേമന കല്ലൂർമുക്കിന് കിഴക്ക് മനീഷ് ഭവനിൽ മനീഷ് (22) എന്നിവരാണ് അറസ്റ്റിലായത്. പതിനൊന്നു പ്രതികളിൽ ഒൻപതു പേരെ തിരിച്ചറിഞ്ഞു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തഴവ കടത്തുംമുറി കുതിരപ്പന്തി വല്ലാറ്റൂവിള വടക്കതിൽ ശ്രീകുമാർ (35) കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീകുമാർ ആലുംപീടികയിൽ ബാർബർ ഷാപ്പ് നടത്തുകയാണ്.

അക്രമിസംഘത്തിലെ മറ്റു പ്രതികളായ കുക്കു, ഇജാസ്, വൈശാഖ്, റോബോ, തരുൺ, ഗൗതം എന്നിവരെ ഓച്ചിറ പൊലീസ് തെരയുന്നു. 17കാരനെ അമ്മയുടെ മുന്നിലിട്ട് വെട്ടിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയവരാണിവർ.

പൊലീസ് പറയുന്നത്: ചൊവ്വാഴ്ച രാത്രി 11.20 ഓടെ ഓച്ചിറ കൊട്ണാട്ട് ജംഗ്ഷനിലുള്ള തട്ടുകടയിൽ ആഹാരം കഴിക്കുകയായിരുന്ന ശ്രീകുമാർ അവിടെയെത്തിയ ഗുണ്ടാസംഘം മറ്റൊരു യുവാവിനെ മർദ്ദിച്ചത് ചോദ്യം ചെയ്തു. ഇതിൽ കുപിതരായ അക്രമികൾ ശ്രീകുമാറിനെ മർദ്ദിച്ച് അവശനാക്കി.

നെറ്റിയിലും മുഖത്തും തലയിലും മുറിവേറ്റ ശ്രീകുമാർ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ ചികിത്സതേടി ബൈക്കിൽ രാത്രി ഒരുമണിയോടെ തിരികെ വരുമ്പോൾ ചങ്ങൻകുളങ്ങര ബ്ലോക്ക് ജംഗ്ഷനിൽ വച്ച് കാർ കുറുകെ നിറുത്തി ഗുണ്ടാസംഘം ശ്രീകുമാറിനെ ബലമായി കാറിൽ കയറ്റി. ശ്രീകുമാറിന്റെ കവിളിൽ വടിവാൾകൊണ്ട് വരഞ്ഞ് മുറിവേൽപ്പിച്ചു.

ഭീകരമായി മർദ്ദിച്ച ശേഷം ശ്രീകുമാറിനെ ഓച്ചിറയിലെ പെട്രോൾ പമ്പിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ ഫോട്ടോ പതിച്ച കാറിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. പൊലീസ് തെരച്ചിലിനിടയിൽ പ്രതികൾ കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.