photo
വെള്ളക്കെട്ടിലായ കെ.എസ്.ആർ.ടി.സി - മാർക്കറ്റ് റോഡ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണിന്റെ ഹൃദയ ഭാഗത്ത് മാസങ്ങളായി തകർന്ന് കിടക്കുന്ന കെ.എസ്.ആർ.ടി.സി - മാർക്കറ്റ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമായില്ല. ടൗണിൽ ഏറ്റുവുമധികം വാഹനത്തിരക്കുള്ള റോഡാണിത്. ശാസ്താംകോട്ട ഭാഗത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും ഈ റോഡിലൂടെ സഞ്ചരിച്ചാണ് ദേശീയപാതയിൽ എത്തുന്നത്. റോഡിലെ വെള്ളക്കെട്ടാണ് ഇവിടുത്തെ പ്രധാന പ്രശ്നം. മഴ ശമിച്ചെങ്കിലും റോഡിലെ വെള്ളക്കെട്ടിന് ഇപ്പോഴും ശമനമില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് കിഴക്കുവശമുള്ള എഴോളം വീട്ടുകാരാണ് ഇപ്പോഴും വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്നത്.

റോഡിന്റെ സമീപത്തുകൂടിയുള്ള നീർച്ചാൽ അടയ്ക്കപ്പെട്ടതോടെയാണ് വെള്ളമൊഴുക്ക് നിലച്ചത്. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി വിടാൻ ഓട നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ചെവിക്കൊള്ളാനും ബന്ധപ്പെട്ടവർ ഇനിയും തയ്യാറായിട്ടില്ല. റോഡിന്റെ തെക്ക് ഭാഗത്തുകൂടി പടിഞ്ഞാറോട്ട് ഓട നിർമ്മിച്ച് ദേശീയപാതയിലെ ഓടയുമായി ബന്ധിപ്പിച്ചാൽ നിലവിവുള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.

റോഡിൽ നിരവധി സ്ഥാപനങ്ങൾ

ശ്രീ വിദ്യാധിരാജ ആർട്ട്സ് ആൻഡ് സയൻസ് കോളേജ്, തോവർകാവ് ദേവീ ക്ഷേത്രം, എം.ജി.ഐ.ടി.സി, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, എൽ.ഐ.സി കരുനാഗപ്പള്ളി ബ്രാഞ്ച് ഓഫീസ്, മാർക്കറ്റിലെ മുസ്ലീം പള്ളി തുടങ്ങി ആരാധനാലയങ്ങളും നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് റോഡിന്റെ പരിധിയിൽ ആണ്. 9 മാസത്തിന് മുമ്പാണ് 15 ലക്ഷം രൂപാ മുടക്കി റോഡ് പുനരുദ്ധരിച്ചത്.

വേണം അധികയാത്ര

റോഡിൽ വെള്ളം പൊങ്ങിയാൽ യാത്രക്കാർ കരുനാഗപ്പള്ളി മിനിൽ സിവിൽ സ്റ്റേഷന് കിഴക്കുവശത്തുള്ള റോഡിലൂടെ ഒരു കിലോമീറ്ററോളം അധികം യാത്രചെയ്താണ് മാർക്കറ്റിലും സർക്കാർ സ്ഥാപനങ്ങളിലും എത്തുന്നത്. റോഡ് അറ്റകുറ്റ പണികൾ നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. എന്നിട്ട് പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും റോഡ് പുനരുദ്ധരിക്കുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങൾ പറയുന്നത്.