toilet
അഞ്ചാലുംമൂട് ജംഗ്‌ഷനിലെ പ്രവർത്തനരഹിതമായ ഇ ടോയ്‌ലെറ്റ്

അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ജംഗ്ഷനിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഇ - ടോയ്‌ലറ്റുകൾ ഇന്ന് വെറും നോക്കുകുത്തിയാണ്. തൃക്കടവൂർ പഞ്ചായത്തിന് കീഴിലായിരുന്ന കാലത്ത് സ്ഥാപിച്ച ഇ - ടോയ്ലെറ്റുകളാണ് ഉദ്ഘാടനത്തിന് പുറകെ പ്രവർത്തനം നിലച്ച് ഒരു സ്മാരകമായി ഇന്നും സ്ഥിതി ചെയ്യുന്നത്.

ആറ് വർഷം മുമ്പാണ് അഞ്ചാലുംമൂട് കോർപ്പറേഷൻ മൈതാനത്തിന് കിഴക്കുവശവും തെക്ക് വശവും രണ്ട് ഇ -.ടോയ്‌ലെറ്റുകൾ തൃക്കടവൂർ പഞ്ചായത്ത് നിർമ്മിച്ചത്. ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ ജംഗ്ഷനിലെത്തുന്നവർക്ക് പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തത് മുൻനിറുത്തിയാണ് ഇവ സ്ഥാപിച്ചത്. ഇ - ടോയ്ലെറ്റുകൾ വന്നതോടെ ആശ്വസിച്ച പൊതുജനം തൊട്ടുപിന്നാലെ ഇവ കേടായതോടെ 'ശങ്ക' തീർക്കാൻ പെടാപ്പാട് പെടുകയാണ്.

അഞ്ചാലും മൂട് ജംഗ്ഷനിൽ പ്രാഥമിക കാര്യങ്ങൾക്ക് ഇടമില്ലാത്തതിനാൽ സ്ത്രീ യാത്രികരുൾപ്പെടെയാണ് ബുദ്ധിമുട്ടുന്നത്. പശ്ചാത്തല സൗകര്യ വികസനത്തോടൊപ്പം കംഫർട്ട് സ്റ്റേഷനുകളുടെ കാര്യത്തിലും അധികൃതരുടെ ശ്രദ്ധയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 അഞ്ചാലുംമൂട് വികസനത്തിനായി ശക്തമായ ഇടപെടലുകൾ നടത്തും: എം. മുകേഷ് എം.എൽ.എ

അഞ്ചാലുംമൂട് ജംഗ്‌ഷനിലെ വികസനവും ഗതാഗത പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ശക്തമായ ഇടപെടലുകൾ നടത്തുമെന്നും സർക്കാർ അനുമതി ആവശ്യമുള്ള പദ്ധതികൾക്ക് സമ്മർദ്ധം ചെലുത്തുമെന്നും എം. മുകേഷ് എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു. അഞ്ചാലുംമൂടിന്റെ പ്രശ്നങ്ങൾ അധികൃത ശ്രദ്ധയിലെത്തിക്കാൻ കേരളകൗമുദി നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

 അഞ്ചാലുംമൂട് വികസനവും പ്രതീക്ഷയും; സെമിനാർ 8ന്

അഞ്ചാലുംമൂടിന്റെ ഗതാഗതപ്രശ്ങ്ങളും വികസനവും അധികൃതരുടെ ശ്രദ്ധയിലെത്തിക്കുന്നതിനും പദ്ധതികൾ നടപ്പിലാക്കുന്നതിന് ഇടപെടലുകൾ നടത്തുന്നതിനുമായി കേരളകൗമുദിയുടെ നേതൃത്വത്തിൽ 'അഞ്ചാലുംമൂട് വികസനവും പ്രതീക്ഷയും' സെമിനാർ നടത്തുന്നു. 8ന് രാവിലെ 10ന് അഞ്ചാലുംമൂട് വ്യാപാരി വ്യവസായി ഹാളിൽ നടക്കുന്ന പരിപാടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. മുകേഷ് എം.എൽ.എ, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, ജനപ്രതിനിധികൾ, ഗതാഗതവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ, സാമൂഹിക - സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന് വായനക്കാർക്കും അവസരമുണ്ടായിരിക്കും.