കരുനാഗപ്പള്ളി: ഗാന്ധിയുടെ നാമധേയം ഉപയോഗിച്ചുകൊണ്ട് ഗാന്ധിയുടെ ആദർശങ്ങൾ തിരസ്കരിക്കുന്ന നയമാണ് കോൺഗ്രസ് പിന്തുടരുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. ഗാന്ധി സങ്കൽപ്പയാത്രയുടെ സമാപന സമ്മേളനം കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.
ഗാന്ധിജി രാമരാജ്യത്തെ കുറിച്ച് സ്വപ്നം കണ്ടപ്പോൾ സോവിയറ്റ് യൂണിയനുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ പിറകെ നെഹ്രു പോയി.എന്നാൽ നരേന്ദ്ര മോദി ഗാന്ധി സങ്കൽപ്പത്തിലധിഷ്ടിതമായ ഗ്രാമത്തിന്റെ വികസനം ലക്ഷ്യം വെച്ചുള്ള 400 ഓളം പദ്ധതികളാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, സെക്രട്ടറി ശ്രീകുമാർ, ട്രഷറർ അനിൽ വാഴപ്പള്ളി, സംസ്ഥാന സമിതി അംഗം മാലുമേൽ സുരേഷ്, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ലതാമോഹൻ, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. കൃഷ്ണൻ, കെ.ആർ. രാജേഷ്, ശരത്ത്, സജീവൻ, അജയൻ, ജയ, രാജൻപിള്ള, ശാലിനി രാജീവ്, ദേവി വിമൽ തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് നാലിന് വവ്വാക്കാവിൽ നിന്ന് ആരംഭിച്ച പദയാത്ര ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമൻ നായർ നേതൃത്വം നൽകി.