പത്തനാപുരത്ത് എത്തുന്നവർക്ക് വഴിതെറ്റുന്നത് നിത്യസംഭവം
പത്തനാപുരം: വ്യക്തമായ ദിശാസൂചക ബോർഡുകളില്ലാത്തതിനാൽ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലേക്ക് പോകുന്ന തീർത്ഥാടകർ പത്തനാപുരം നഗരഹൃദയത്തിലും ജില്ലാ അതിർത്തിയായ കല്ലുംകടവിലും എത്തിയാൽ ദിശയറിയാതെ നട്ടം തിരിയേണ്ട ഗതികേടിലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന തീർത്ഥാടകർ വഴിതെറ്റി കിലോമീറ്ററുകളോളം സഞ്ചരിക്കുന്നത് ഇവിടെ നിത്യസംഭവമാണ്.
വാളകം, പത്തനാപുരം, ശബരി ബൈപാസിലൂടെ എത്തുന്ന തീർത്ഥാടകർ പത്തനാപുരം ടൗണിൽ എത്തിയ ശേഷം പുനലൂർ ഭാഗത്തേക്ക് പോകുന്നത് പതിവാണ്. കിലോമീറ്ററുകൾ സഞ്ചരിച്ചശേഷമാണ് വഴി തെറ്റിയ വിവരം ഇവർ അറിയുക. അടൂർ കായംകുളം ഭാഗത്തേക്ക് വഴിതെറ്റിപ്പോകുന്ന വാഹനങ്ങൾ മിക്കവാറും അടൂരെത്തിയ ശേഷമാണ് അബദ്ധം മനസിലാക്കുക. പിന്നീട് കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാകും. രാത്രികാലങ്ങളിൽ എത്തുന്ന തീർത്ഥാടകരാണ് ഏറെയും ബുദ്ധിമുട്ടുന്നത്.
ജില്ലാ അതിർത്തിയായ കല്ലുംകടവിലെത്തി വഴി തിരിഞ്ഞുപോകുന്നവരാണ് ഏറെയും. ഇവിടെ ദിശാസൂചക ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെ മറച്ച് സ്വകാര്യ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. പരിപാടി കഴിഞ്ഞാലും നീക്കം ചെയ്യാത്ത ബോർഡുകൾ അധികൃതരോ ബന്ധപ്പെട്ട രാഷ്ട്രീയപ്പാർട്ടികളോ എടുത്ത് മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കാറുമില്ല.