കൊട്ടാരക്കര: നഗരമദ്ധ്യത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള പാമ്പ് വളർത്തൽ കേന്ദ്രം ജനങ്ങൾക്ക് ഭീഷണിയാകുന്നു. റവന്യു വകുപ്പും വൈദ്യുതി വകുപ്പും തമ്മിൽ അവകാശ തർക്കം നടന്നു വരുന്ന കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷന് സമീപമുള്ള പഴയ ഇലക്ട്രിസിറ്റി ഓഫീസാണ് ഇപ്പോൾ കാടുവളർന്ന് ഇഴജന്തുക്കളുടെ താവളമായത്. കൊട്ടാരക്കര വില്ലേജ് ഓഫീസിന് എതിർവശത്താണ് കോടികൾ വിലമതിക്കുന്ന 27 സെന്റ് വസ്തു സ്ഥിതിചെയ്യുന്നത്. ഇഴജന്തുക്കളോടൊപ്പം തെരുവുനായ്ക്കകളും കൂടാതെ ടൗണിലെ ചില മോഷ്ടാക്കളും ഇവിടെ താവളമുറപ്പിച്ചിട്ടുണ്ട്.
രണ്ടാൾ പൊക്കത്തിൽ വളർന്നു കിടക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും മറ്റ് പാഴ് ചെടികളുമാണ് ഇവിടുത്തെ വില്ലൻ. നടുവിൽ ആർക്കും കാണാനാകാത്ത വിധമാണ് കെട്ടിടം അനാഥമായി കിടക്കുന്നത്. അഞ്ച് മുറികളുള്ള കോൺക്രീറ്റ് കെട്ടിടം ഇപ്പോൾ പ്രദേശവാസികൾക്ക് പേടി സ്വപ്നമാണ്. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഓഫീസ്, വില്ലേജ് ഓഫീസ്, റെയിൽവേ സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ
ഇതിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിലുള്ളവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. സന്ധ്യകഴിഞ്ഞാൽ മാളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വിഷപ്പാമ്പുകളും തെരുവു നായ്ക്കളും പരിസരത്തുള്ള പറമ്പുകളിലേക്കും വീടുകളിലേക്കും കടന്നു ചെല്ലുന്നതും ഭീഷണിയാണ്.
പ്രശ്ന പരിഹാരം വേണ്ടേ?
ഈ അനധികൃത പാമ്പുവളർത്തൽ കേന്ദ്രം ഇല്ലാതാക്കാൻ അനാഥമായി കിടക്കുന്ന വസ്തു വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിച്ച് യഥാർത്ഥ അവകാശിക്കു കൊടുക്കുകയോ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഒരു വായനശാലയോ, പാർക്കോ, പാർക്കിംഗ് ഗ്രൗണ്ടോ ആക്കി ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാർക്ക് ഭീഷണിയായി മാറിയ ഭൂമി എത്രയും പെട്ടെന്ന് സർക്കാർ ഏറ്റെടുത്ത് ഇവിടെ ഒരു മാവേലി സ്റ്റോറോ ചിൽഡ്രൻസ് പാർക്കോ സ്ഥാപിച്ച് പരിസരവാസികളുടെ ഭയാശങ്കകൾ ഒഴിവാക്കണം.
കൃഷ്ണമോഹൻ, ചെഞ്ചേരിൽ വീട് ( പൊതുപ്രവർത്തകൻ)