കൊല്ലം: കൊട്ടിയം ഇ.എസ്.ഐ ഡിസ്പെൻസറിയിലെ ഫാർമസി കാലിയായിട്ട് മാസങ്ങൾ പിന്നിടുന്നു. മരുന്ന് കിട്ടാത്തതിനാൽ ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണവും കുത്തനെ ഇടിയുകയാണ്.
ഇപ്പോൾ ഡിസ്പെൻസറിയിലെത്തുന്ന രോഗികൾക്ക് മരുന്നുകൾ പുറത്തുനിന്ന് വാങ്ങാനായി കുറിച്ച് നൽകുകയാണ്. പക്ഷെ പുറത്തുനിന്ന് വാങ്ങാൻ പലരുടെയും കൈയിൽ പണമുണ്ടാകില്ല. മെഡിക്കൽ സ്റ്റോറുകൾ പണ്ടത്തെപ്പോലെ കടം നൽകാത്ത അവസ്ഥയും കൂടിയാകുന്നതോടെ രോഗികൾ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്.
സാധാരണ 250 ഓളം രോഗികൾ പതിവായി എത്തിയിരുന്നതാണ്. മരുന്നില്ലാതായതോടെ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം പകുതിയായി കുറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഇ.എസ്.ഐ ഡിസ്പെൻസറിക്കുള്ള പുരസ്കാരം മൂന്ന് മാസം മുമ്പ് നേടിയ ചികിത്സാ കേന്ദ്രമാണ് രോഗികൾക്ക് ആശ്രയിക്കാനാകാത്ത അവസ്ഥയിലേക്ക് മാറുന്നത്.
നൽകാനുള്ളത് എട്ട് ലക്ഷത്തിലധികം രൂപ
പുറത്തുനിന്ന് വാങ്ങുന്നതിനായി കുറിച്ച് നൽകുന്ന മരുന്നിന് ചെലവാകുന്ന പണം പിന്നീട് ഇ.എസ്.ഐ ആനുകൂല്യമുള്ളവരുടെ അക്കൗണ്ടിലേക്ക് നൽകുന്നതാണ് പതിവ്. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മരുന്നുകൾ പുറത്തുനിന്ന് വാങ്ങിയ ഇനത്തിൽ എട്ടേകാൽ ലക്ഷം രൂപയാണ് രോഗികൾക്ക് നൽകാനുള്ളത്.
ചികിത്സിക്കുന്നതിനൊപ്പം പുറത്തുനിന്ന് വാങ്ങുന്ന മരുന്നിനുള്ള തുക രോഗികൾക്ക് തിരികെ ലഭിക്കാനുള്ള രേഖകൾ കൂടി ഡോക്ടർമാർ തയ്യാറാക്കേണ്ട അവസ്ഥയാണ്. ഇത് ഡോക്ടർമാരുടെ ജോലിഭാരവും ഇരട്ടിയാക്കുന്നു. അതുകൊണ്ട് തന്നെ കൂടുതൽ സമയമെടുത്ത് രോഗവിവരങ്ങൾ പൂർണമായും മനസിലാക്കി മരുന്നുകൾ നൽകാനും കഴിയുന്നില്ല.
ആറ് മാസം കഴിഞ്ഞിട്ടും മരുന്നില്ല
കഴിഞ്ഞ മേയിലാണ് ഈ വർഷം ആവശ്യമായ മരുന്നുകളുടെ പട്ടിക നൽകിയത്. മാസം ആറ് കഴിഞ്ഞിട്ടും ഇതുവരെ മരുന്ന് എത്തിയിട്ടില്ല. ഹൃദ്രോഗം, പ്രഷർ, ഷുഗർ തുടങ്ങിയ രോഗങ്ങളുമായാണ് കൊട്ടിയം ഇ.എസ്.ഐ ഡിസ്പെൻസറിയിൽ കൂടുതൽ രോഗികളുമെത്തുന്നത്. ഇതിനുള്ള മരുന്നുകളൊന്നും ഇവിടെയില്ല.
'' മരുന്ന് ലഭ്യമല്ലാത്തതിനാൽ ഒരുമാസം മുമ്പ് കോൺഗ്രസ് പ്രവർത്തകർ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചിരുന്നു. ഒരാഴ്ചയ്ക്കകം മരുന്ന് ലഭ്യമാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ഇപ്പോഴും മരുന്ന് എത്താത്ത സാഹചര്യത്തിൽ ശക്തമായ സമരം ആരംഭിക്കും.''
ഉമയനല്ലൂർ റാഫി (കോൺഗ്രസ് കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്)