sndp
ശാസ്താംകോണം- മുക്കടവ് കല്ലടയാറ്റിലെ കടത്ത് വഞ്ചി

പുനലൂർ: പുനലൂർ-പത്തനാപുരം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ശാസ്താംകോണത്തു നിന്ന് മുക്കടവ് എലിക്കാട്ടൂർ പാതയിൽ എത്താൻ കല്ലടയാറിന് മദ്ധ്യേ പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കല്ലടയാറിന്റെ രണ്ട് കരകളിലും താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളും വിദ്യാർത്ഥികളുമടക്കം മറുകരയെത്താൻ വർഷങ്ങളായി കടത്തുവള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരമായാണ് പാലം നിർമ്മിക്കേണ്ടത്. എന്നാൽ ഈ ആവശ്യത്തിന് കാൽനൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും നടപടി മാത്രം എങ്ങും എത്തിയില്ല.

ശാസ്താംകോണം, വള്ളക്കടവ്, കല്ലുമല, ശിവൻകോവിൽ, മുകളുവിള തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

ഇവർക്ക് വിദ്യാലയങ്ങളിൽ എത്താൻ കടത്തുവഞ്ചി അല്ലാതെ പുനലൂർ-പത്തനാപുരം റോഡിലെ നെല്ലിപ്പള്ളി-മുക്കടവ് പാത മാത്രമാണുള്ളത്. ഏഴ് കിലോമീറ്റർ അധികം സഞ്ചരിക്കണം. ഇതുകൊണ്ടാണ് ഏവരും കടത്തിനെ ആശ്രയിക്കുന്നത്.

എന്നാൽ പാലം നിർമ്മിച്ചാൽ ഇത് ഒരു കിലോമീറ്ററായി ചുരുങ്ങും.

നിലവിൽ ദുരിതയാത്ര

കൊച്ചുകുട്ടികൾ അടക്കമുളളവർ കടത്ത് വഞ്ചിയിൽ ജീവൻ പണയപ്പെടുത്തിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ ആറിന് ആരംഭിക്കുന്ന കടത്ത് വഞ്ചിയുടെ പ്രവർത്തനം വൈകിട്ട് അഞ്ചിന് അവസാനിക്കും. കല്ലടയാറ്റിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നാൽ വഞ്ചിയുടെ പ്രവർത്തനം അധികൃതർ നിർത്തി വയ്ക്കും. ഇതോടെ യാത്രാക്ലേശം വീണ്ടും രൂക്ഷമാകും

ഒരുസമയത്ത് 2 യാത്രക്കാർ മാത്രം

പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിലാണ് കടത്ത് വഞ്ചി സജ്ജമാക്കിയിട്ടുള്ളത്. ഇതിനായി ഓരോ വർഷവും കരാർ നൽകും. ഒരു സമയം രണ്ട് യാത്രക്കാരെ മാത്രമേ വഞ്ചിയിൽ കയറ്റൂ. രണ്ട് വർഷം മുമ്പ് അറ്റകുറ്റ പണികൾ നടത്തിയ കടത്ത് വഞ്ചിക്ക് ചോർച്ച അനുഭവപ്പെടുന്നത് കണക്കിലെടുത്താണ് യാത്രക്കാരുടെ എണ്ണം കുറച്ചത്.

പ്രധാന സ്ഥാപനങ്ങൾ.............

കിൻഫ്രാ പാർക്ക്

എൻഞ്ചിനിയറിംഗ് കോളേജ്

കുര്യോട്ടുമല ഫാം

വിവിധ സ്കൂളുകൾ

...............................................................

ശാസ്താംകോണം നിവാസികളുടെ ദുരിത യാത്രക്ക് അറുതി വരുത്താൻ കല്ലടയാറിന് മദ്ധ്യേ പുതിയ പാലം പണിയണം. മുക്കടവ് എൽ.പി സ്കൂളിൽ പഠനത്തിന് എത്തുന്ന കുരുന്നുകൾ ചോർച്ചയുളള കടത്തു വഞ്ചിയിൽ ജീവൻ പണയപ്പെടുത്തിയാണ് യാത്ര ചെയ്യുന്നത്. പുനലൂർ, പത്തനാപുരം മണ്ഡലങ്ങളിലെ എം.എൽ.എമാർ മുൻകൈയെടുത്തു പ്രവർത്തിച്ചാൽ പുതിയ പാലം നിർമ്മിക്കാൻ സാധിക്കും. ഈ ആവശ്യവുമായി നാട്ടുകാർ ഒപ്പ് ശേഖരണം നടത്തി അധികൃതർക്ക് നൽകിയിട്ടും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.

(മണിക്കുട്ടൻ നാരായണൻ, സെക്രട്ടറി
എസ്.എൻ.ഡി.പി യോഗം 5423-ാംനമ്പർ
ശാസ്താംകോണം ശാഖ)