kollam-thodu
പള്ളിത്തോട്ടം നിർമ്മിതി കേന്ദ്രത്തിന് സമീപം ജെ.സി.ബി ഉപയോഗിച്ച് മണ്ണ് കോരുന്നു

കൊല്ലം: 2020ൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിട്ട കൊല്ലം തോടിന്റെ വികസനം ഇഴഞ്ഞ് നീങ്ങുന്നതിനാൽ മണലൂറ്റ് വീണ്ടും തകൃതിയായി തുടരുന്നു. കൊല്ലം തോടിന്റെ വികസനവുമായി ബന്ധപ്പെട്ട് അഞ്ച് വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല. ഇക്കാലയളവിനിടെ ആഴം കൂട്ടുന്നതിന്റെ പേര് പറഞ്ഞ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മണ്ണാണ് കടത്തിയത്. ഇപ്പോൾ വീണ്ടും മണലൂറ്റ് തുടങ്ങിയിരിക്കുകയാണ്. പള്ളിത്തോട്ടം നിർമ്മിതി കേന്ദ്രത്തിനു സമീപം കഴിഞ്ഞ ദിവസം ജെ.സി.ബി ഉപയോഗിച്ച് വാരിയ ലോഡ് കണക്കിന് മണ്ണ് ടിപ്പറുകളിൽ കയറ്റിക്കൊണ്ടുപോയി.

നിരീക്ഷണ സമിതി വന്നില്ല

കൊല്ലം തോട് നവീകരണത്തിന്റെ മറവിൽ നടക്കുന്ന മണൽ കടത്ത് തടയാൻ ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ നിരീക്ഷണ സമിതി രൂപീകരിക്കുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. ഓരോ റീച്ചും കേന്ദ്രീകരിച്ച് ജനപ്രതിനിധികളും പ്രദേശവാസികളുമടങ്ങിയ നിരീക്ഷണ സമിതി രൂപീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഉദ്യോഗസ്ഥർക്കൊപ്പം ഈ നിരീക്ഷണ സമിതി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ മണൽ നീക്കം ചെയ്യാൻ അനുവദിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.

മണലൂറ്റ് കേന്ദ്രമാക്കരുത്: എൻ.സി.പി

കൊല്ലം തോടിനെ മണലൂറ്റ് താവളമാക്കി മാറ്റരുതെന്നും തോടിന്റെ നവീകരണ പ്രവർത്തനം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മാത്രമേ നടത്താവൂ എന്നും എൻ.സി.പി കൊല്ലം ടൗൺ മണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോടും ഇൻലാൻഡ് നാവിഗേഷൻ അധികൃതരോടും ആവശ്യപ്പെട്ടു. ബി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം താമരക്കുളം സലിം ഉദ്ഘാടനം ചെയ്തു.

5 വർഷം മുമ്പാണ് കൊല്ലം തോടിന്റെ വികസനവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്

2020ൽ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിട്ട കൊല്ലം തോടിന്റെ വികസനമാണ് ഇഴഞ്ഞ് നീങ്ങുന്നത്

കനാൽ ശുചീകരണം മറയാക്കി

കനാൽ ശുചീകരണത്തിന്റെ പേരിലാണ് മണലൂറ്റ് തകൃതിയായി നടക്കുന്നത്. നേരത്തേ ലോഡ് കണക്കിന് മണ്ണെടുത്തതു മൂലം കനാലിന്റെ ഇരുകരകളിലെയും വീടുകൾ അപകടാവസ്ഥയിലാണ്. പലഭാഗത്തും റോഡ് ഏത് സമയവും ഇടിഞ്ഞു താഴാവുന്ന നിലയിലുമാണ്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് വീണ്ടും മണലൂറ്റ് തുടങ്ങിയത്.