കൊല്ലം: ചവറ കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിൽ (കെ എം എം എൽ) 50 കോടി രൂപ ചെലവിൽ പുതിയ ഓക്‌സിജൻ പ്ലാന്റ് ഒരുങ്ങുന്നു. പൂർണ്ണമായും ഓട്ടോമാറ്റിക്ക് സംവിധാനത്തിൽ ഒരുങ്ങുന്ന പ്ലാന്റിന്റെ നിർമ്മാണം 80 ശതമാനത്തോളം പൂർത്തിയായി.
ഓക്‌സിജൻ പ്ലാന്റിനുള്ള കൺട്രോൾ റൂമും ഓക്‌സിജൻ കോളം സ്ഥാപിക്കാനുള്ള പൈലിംഗും പൂർത്തിയായി. എയർ കംപ്രസ്സർ, എയർ ശുദ്ധീകരണ സംവിധാനം തുടങ്ങിയവ സജ്ജമായി. ഈ ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈനുകളുടെയും കേബിൾ സംവിധാനങ്ങളുടെയും പണികളാണ് ഇനി ബാക്കിയുള്ളത്. 2020 മാർച്ചോടെ പ്ലാന്റ് പ്രവർത്തനം തുടങ്ങുകയാണ് ലക്ഷ്യം.
പുതിയ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന പ്ലാന്റ് ആധുനിക നിയന്ത്രണ സംവിധാനത്തിലുള്ളതാണ്. പ്ലാന്റ് സജ്ജമാകുന്നതോടെ വൈദ്യുതി ഉപയോഗത്തിലും വലിയ കുറവ് വരും. നിലവിൽ ഒരു ടൺ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ 1190 യൂണിറ്റ് വൈദ്യുതിയാണ് വേണ്ടിവരുന്നത്. പുതിയ പ്ലാന്റ് വരുന്നതോടെ ഇത് 750 യൂണിറ്റായി കുറയും. ഈ വകയിലും ചെലവ് കുറയ്ക്കാനാകുന്നത് സ്ഥാപനത്തിന് വലിയ കുതിപ്പേകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ഉപയോഗവും പ്രവർത്തനവും
ആവശ്യം: ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഉൽപാദനം.
പുതിയ പ്ളാന്റ് ശേഷി: 70 ടൺ
പഴയ പ്ളാന്റ് : 50 ടൺ
നിലവിലെ ശേഷി: കാലപ്പഴക്കം കാരണം 35 ടൺ
കമ്പനിയ്ക്ക് ആവശ്യം: പ്രതിദിനം 63 ടൺ ഓക്‌സിജൻ.
പുറത്തുനിന്ന് വാങ്ങുന്നത്: 28 ടൺ ഓക്സിജൻ
പത്തു കോടി ലാഭം
പ്ലാന്റ് പ്രവർത്തനം തുടങ്ങിയാൽ വർഷം 10 കോടി രൂപ ലാഭിക്കാനാകും. പ്രവർത്തനത്തിനാവശ്യമായ ഓക്‌സിജന്റെ കാര്യത്തിൽ സ്വയംപര്യാപ്തത നേടുന്നതിലുടെയും വൈദ്യുതി ഉപഭോഗം കുറയുന്നതുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കുക.