al
ദക്ഷിണയും പാർവതിയും

പുത്തുർ: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ ദക്ഷിണയും പാർവതിയും തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സ്വന്തം പ്രബന്ധവുമായി എത്തും.

കിണർ ജലത്തിന്റെ മലിനീകരണവും ശുദ്ധീകരണ മാർഗങ്ങളും" എന്ന വിഷയത്തെക്കുറിച്ച് നടത്തിയ പഠനം തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല മത്സരത്തിൽ അംഗീകാരം നേടിയതിനെ തുടർന്നാണ് ദേശീയ തലത്തിലേക്ക് പോകുന്നത്.

കുളക്കട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ 35 വീടുകളിൽ നിന്നും കുടിവെള്ളം ശേഖരിച്ച്, അവയിൽ ഏറ്റവും മലിനമായ 5 സാമ്പിളുകളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.

രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള ശുദ്ധീകരണ മാർഗ്ഗങ്ങളേക്കാൾ മല്ലിയില, താന്നിക്ക, വേപ്പില, തുളസി, രാമച്ചം തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രകൃതിദത്തമായ ശുദ്ധീകരണ മാർഗങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കുമന്ന് ഇവർ കണ്ടെത്തി. ചില കുട്ടികൾ ആരോഗ്യപ്രശ്നങ്ങൾമൂലം പതിവായി ക്ളാസിൽ വരാതിരുന്നതാണ് ഇവരെ പഠനത്തിന് പ്രേരിപ്പിച്ചത്. പല വീടുകളിലും സെപ്റ്റിക് ടാങ്കുകളും കിണറും തമ്മിൽ പാലിക്കേണ്ട അകലം കൃത്യമായി പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഭവന സന്ദർശനത്തിലൂടെ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. പുത്തൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രൈമറി അധ്യാപികയായ രമ്യ പി രാജന്റെ മാർഗനിർദ്ദേശമനുസരിച്ചാണ് പഠനം നടന്നത്.പുത്തൂർ താഴം പുതിയവീട്ടിൽ എസ്. റജിയുടേയും ശീതളിന്റെയും മകളാണ് ദക്ഷിണ. പുത്തൂർ ചെറുപൊയ്ക നിരഞ്ജനത്തിൽ മധുസൂദനൻ പിള്ളയുടെയും ജയയുടേയും മകളാണ് പാർവതി.