കൊല്ലം: റെയിൽവേ സ്റ്റേഷന് സമീപം അലക്ക്കുഴി കോളനി സ്ഥിതി ചെയ്തിരുന്നിടത്ത് മൾട്ടി ലവൽ കാർ പാർക്കിംഗ് ടവർ നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. ടവർ നിർമ്മാണത്തിന് സ്വകാര്യ ഏജൻസി സമർപ്പിച്ച ടെണ്ടറിന് തിങ്കളാഴ്ച ചേരുന്ന നഗരസഭാ കൗൺസിൽ യോഗം അംഗീകാരം നൽകും.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാർക്കിംഗ് ടവർ നിർമ്മിക്കുന്നത്. ഏഴ് നിലകളുള്ള പാർക്കിംഗ് ടവറിൽ ഒരേസമയം 224 കാറുകൾക്ക് പാർക്ക് ചെയ്യാം. അഞ്ച് ബ്ലോക്കുകളായാകും പാർക്കിംഗ് സൗകര്യം. പാർക്കിംഗ് സമയത്തിന് ആനുപാതികമായിട്ടാകും ഫീസ്. പദ്ധതി നടപ്പിലാക്കുന്നിതിനായി അലക്കുകുഴി കോളനിയിലെ താമസക്കാരെ മുണ്ടയ്ക്കലേക്ക് പുനരധിവസിപ്പിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ വേണ്ടത്ര പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ ഭൂരിഭാഗം വാഹനങ്ങളും റോഡ് വക്കിലാണ് ഇപ്പോൾ പാർക്ക് ചെയ്യുന്നത്. സമീപത്തെ കച്ചവട സ്ഥാപനങ്ങളുടെ സ്ഥിതിയും സമാനമാണ്. അനധികൃത പാർക്കിംഗ് കാരണം ഈ ഭാഗത്ത് അപകടങ്ങളും പതിവാണ്.
കോളേജ് ജംഗ്ഷനിലെ
നടപ്പാലം ഉപേക്ഷിക്കും
പാർക്കിംഗ് ടവർ നിർമ്മാണത്തിന് കൂടുതലായി വേണ്ടിവരുന്ന തുക വകയിരുത്താൻ എസ്.എൻ കോളേജ് ജംഗ്ഷനിൽ നിർമ്മിക്കാനിരുന്ന നടപ്പാലം ഉപേക്ഷിക്കും. പാർക്കിംഗ് ടവർ നിർമ്മാണത്തിനായി 10.34 കോടിയുടെ എസ്റ്റിമേറ്റാണ് നഗരസഭ തയ്യാറാക്കിയിരുന്നത്. ഈ എസ്റ്റിമേറ്റ് പ്രകാരം പലതവണ ടെണ്ടർ ചെയ്തിട്ടും ആരുമെത്തിയില്ല. പിന്നീട് ഓഫർ ക്ഷണിച്ചപ്പോൾ 10.94 കോടിയുടെ താല്പര്യപത്രവുമായി സ്വകാര്യ ഏജൻസിയെത്തി. ഈ എജൻസിയുമായി വിലപേശി 10.91 കോടിക്ക് പൂർത്തിയാക്കാമെന്ന ധാരണയിലെത്തി. ഇങ്ങനെ എസ്റ്റിമേറ്റ് തുകയെക്കാൾ അധികമായി വേണ്ടിവരുന്ന 57 ലക്ഷം കോളേജ് ജംഗ്ഷനിലെ നടപ്പാലം ഉപേക്ഷിച്ച് കണ്ടെത്താനാണ് ആലോചന. കോളേജ് ജംഗ്ഷനിൽ നടപ്പാലം പ്രായോഗികമല്ലെന്ന നിഗമനത്തിലും നഗരസഭ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന കൗൺസിൽ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.