കൊല്ലം: മുണ്ടയ്ക്കലെയും പരിസരത്തെയും വിവിധ റോഡുകളുടെ പുനർനിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. രാവിലെ 9ന് തുമ്പറ മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ഉപരോധ സമരം ഒരു മണിക്കൂറോളം നീണ്ടു.
എസ്.എൻ കോളേജ് ജംഗ്ഷൻ - മുണ്ടയ്ക്കൽ പാലം റോഡിന്റെ രണ്ടാംഘട്ട ബി.സി ടാറിംഗ് വൈകുന്നതിന് പുറമെ തുമ്പറ - സ്നേഹ ലോഡ്ജ്, മിൾട്ടൺ പ്രിന്റേഴ്സ് - ജോസ് ആർട്സ് എന്നീ റോഡുകളുടെയും വിവിധ ഓടകളുടെയും പുനർനിമ്മാണം ആരംഭിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. സ്ത്രീകളടക്കമുള്ളവർ നഗരസഭയ്ക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയാണ് സമരത്തിൽ പങ്കെടുത്തത്. നിർമ്മാണം ഇനിയും വൈകിയാൽ കളക്ടറുടെ വസതിയിലേക്ക് മാർച്ച് നടത്താനാണ് പ്രദേശവാസികളുടെ ആലോചന. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രദേശവാസികൾ യോഗം ചേരും.
സി. സുഗതൻ, എസ്. സുരേഷ് ബാബു, അഭിഷേക് മുണ്ടയ്ക്കൽ, ടി. ഉണ്ണിക്കൃഷ്ണൻ, ജി. ഗിരി, ഡി. ദീപക്, ആർ. അജിത്കുമാർ, എസ്. മധു, അനിൽകുമാർ, ഹണി, പ്രിൻസ്, ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.