കൊല്ലം: കെ.പി.എം.എസ് നിലപാട് അംഗീകരിച്ചില്ലെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽനിന്ന് പിന്മാറുമെന്ന് ജനറൽെസക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ്.സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അംബേദ്കർ ദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ലിംഗസമത്വം എന്ന ആശയത്തിലൂന്നിയാണ് കെ.പി.എം.എസ്. സമിതിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. അതിൽനിന്ന് പിന്മാറാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ സമിതിയുമായി മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ല.
ശബരിമല യുവതിപ്രവേശനം മറയാക്കി അവിടുത്തെ അധികാരം നിലനിർത്താനുള്ള ശ്രമങ്ങളാണ് ഒരുവിഭാഗം നടത്തുന്നത്. ആചാരമെന്നത് കാലം സൃഷ്ടിക്കുന്നതാണ്. പുതിയ കാലത്തിനനുസരിച്ച് പുതിയ ആചാരങ്ങളും സൃഷ്ടിക്കപ്പെടണം. സ്ത്രീകളുടെ ജൈവശാസ്ത്രപരമായ പ്രത്യേകതകളെ അയോഗ്യതയും അയിത്തവുമായി സങ്കൽപിക്കുന്നതിനെ അംഗീകരിക്കാത്ത ഒരു പുതിയ തലമുറ വളർന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനപ്രസിഡന്റ് വി. ശ്രീധരൻ അനുസ്മരണപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് എൽ. രാജൻ അദ്ധ്യക്ഷത വഹിച്ചു.