കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര വാളകത്ത് ലോറി ഇന്നോവ കാറുമായി കൂട്ടിയിടിച്ച് ഇന്നോവയിലുണ്ടായിരുന്ന കാൻസർ രോഗി ഉൾപ്പടെ നാല് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 5 മണിയോടെ എം.സി റോഡിൽ വാളകം മരങ്ങാട്ടുകോണം ജംഗ്ഷന് സമീപമാണ് അപകടം. തിരുവനന്തപുരം ആർ.സി.സിയിൽ കീമോ ചികിത്സ കഴിഞ്ഞ് മടങ്ങിയ പുനലൂർ ഇളമ്പൽ ആഷിഫ മൻസിലിൽ ബഷീർകുട്ടി(66), മകൾ, ആഷിഫ(36), ബന്ധു കുന്നിക്കോട് കീഴ്ച്ചിറ മേലതിൽ വീട്ടിൽ ലൈലാ ബീവി(63), ഇന്നോവയുടെ ഡ്രൈവർ ഇളമ്പൽ മനക്കര ഷജീന മൻസിലിൽ സൈനുദ്ദീൻ(65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വാളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
സിവിൽ സപ്ളൈസ് വകുപ്പിന്റെ അരിയുമായി കൊട്ടാരക്കര നിന്നും ആയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് എതിർ ദിശയിൽ നിന്നും വന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ചത്. കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. മുഖ്യമന്ത്രിയുടെ പൈലറ്റ് പോകുന്ന പൊലീസ് വാഹനങ്ങൾ കണ്ണൂരിലേക്ക് പോകുന്നവഴി സംഭവ സ്ഥലത്ത് എത്തുകയും ഈ വാഹനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
കീമോകഴിഞ്ഞുള്ള യാത്രയിൽ
പതിയിരുന്ന അപകടം
കൊട്ടാരക്കര: അപകടത്തിന്റെ ഞെട്ടലിൽ നിന്നും ഇളമ്പൽ ആഷിഫ മൻസിലിൽ ബഷീർകുട്ടി(66) ഇനിയും മോചിതനായിട്ടില്ല. തിരുവനന്തപുരം ആർ.സി.സിയിൽ കീമോ തെറാപ്പി കഴിഞ്ഞതിന്റെ അസ്വസ്ഥതകളുമായി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ബഷീർകുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ അയൽക്കാരനായ സൈനുദ്ദീൻ കാറുമായി വന്നതാണ്. മകളും ബന്ധുവും ഒപ്പംകൂടി. കീമോ ചെയ്തതിന്റെ ബുദ്ധിമുട്ടുകൾ യാത്രാവേളകളിലും ബഷീർകുട്ടിയ്ക്കുണ്ടായിരുന്നു. എത്രയും വേഗത്തിൽ വീട്ടിൽ എത്തിയാൽ മതിയെന്ന ചിന്തയോടെ യാത്ര ചെയ്യുമ്പോഴായിരുന്നു എതിർ ദിശയിൽ നിന്നും വന്ന ലോറി ഇന്നോവയിലേക്ക് ഇടിച്ചുകയറിയത്. തലയിൽ പൊട്ടലേറ്റ ബഷീർ കുട്ടിയ്ക്ക് രണ്ട് തയ്യൽ വേണ്ടി വന്നു. സൈനുദ്ദീന് കാലിന് പരിക്കേറ്റിട്ടുണ്ട്. മറ്റ് രണ്ടുപേരുടെയും പരിക്കുകൾ നിസാരമാണ്.