murder

കൊട്ടാരക്കര: കോട്ടാത്തലയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി 9 ഓടെ മൂഴിക്കോട് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ പ്രവർത്തകനും ആട്ടോ ഡ്രൈവറുമായ കോട്ടാത്തല വയലിൽക്കട ഭാഗം ചരിപ്പുറത്ത് വീട്ടിൽ വിപിനെയാണ് (26) സംഘംചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്.

മാരുതി കാർ കൊണ്ട് വിപിനെ ഇടിച്ചിട്ട ശേഷം വടിവാളും കമ്പിവടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. കാറിലും ബൈക്കിലുമായെത്തിയ 12 അംഗ സംഘമാണ് ആക്രമിച്ചതെന്നാണ് വിപിൻ പൊലീസിന് മൊഴി നൽകിയത്. തലയ്ക്ക് വടിവാളിന് വെട്ടേറ്റിട്ടുണ്ട്. ഇരുമ്പുദണ്ഡിന് മുതുകിലും കാലിനും അടിയേറ്റു. ഏറെക്കാലമായി ആർ.എസ്.എസ്- സി.പി.എം സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് കോട്ടാത്തല. നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മാസങ്ങൾ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ രണ്ട് മാസമായി വലിയ തോതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. മൂന്ന് ദിവസം മുൻപ് കോട്ടാത്തല സരിഗ ജംഗ്ഷനിൽ താമസിക്കുന്ന ഷൈജുവുമായി ആർ.എസ്.എസ് പ്രവർത്തകർ വാക്കേറ്റമുണ്ടായി. ഷൈജുവിന്റെ വീട്ടിൽ ചെറുപ്പക്കാർ എത്തിയാൽ അവരെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് വകവയ്ക്കാതെ ഷൈജുവിന്റെ വീട്ടിലെത്തിയവരുമായി പ്രദേശത്തെ ചിലർ സംഘർഷത്തിലെത്തി. വീട് അടിച്ച് തകർക്കാനും ശ്രമം നടന്നിരുന്നു.

ഇതിന് ശേഷം ഇന്നലെ വൈകിട്ട് വിപിനും സംഘവും ഷൈജുവിന്റെ വീട്ടിലെത്തിയിരുന്നു. ഇവരോടൊപ്പമുള്ള യുവാവ് ആർ.എസ്.എസ് പ്രവർത്തകരെ അസഭ്യം പറഞ്ഞതായും പറയപ്പെടുന്നു. നേതാക്കൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചാണ് രാത്രിയിൽ പിരിഞ്ഞത്. തുടർന്ന് വിപിൻ മൂഴിക്കോട് ഭാഗത്തുകൂടി നടന്നുപോകുമ്പോഴാണ് അക്രമി സംഘമെത്തിയത്. റോഡരികിൽ കൂടി നടന്നുപോയ വിപിനെ മാരുതി 800 കാർ ഇടിച്ച് തെറിപ്പിച്ചു. താഴെ വീണ വിപിനെ കാറിലും ബൈക്കുകളിലും ഉണ്ടായിരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് സംഘം രക്ഷപ്പെട്ടത്. 308 വകുപ്പ് പ്രകാരം നരഹത്യാ ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിപിന്റെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങളില്ല.