anchalummood-jn
അഞ്ചാലുംമൂട് ജംഗ്‌ഷൻ

അഞ്ചാലുംമൂട്: കടവൂർ ബൈപാസ് മുതൽ അഞ്ചാലുംമൂട് വരെ വൺവേ സംവിധാനം, അഞ്ചാലുംമൂട് സ്‌കൂളിന് മുമ്പിലെ ബസ് സ്റ്റോപ്പ് മാറ്റി മറ്റൊരു ബസ് ബേ, ജംഗ്‌ഷനിൽ നിന്ന് മാറി പ്രയോജനകരമായ രീതിയിൽ ലോറി ടാക്സി സ്റ്റാൻഡുകൾ, ഓട്ടോ സ്റ്റാൻഡിൽ ക്യൂ സമ്പ്രദായം, ഇടറോഡുകളുടെ സാധ്യത പ്രയോജനപ്പെടുത്തൽ... ഇത്തരത്തിൽ ആവശ്യങ്ങളേറെയാണ് അഞ്ചാലുംമൂട് വഴി പോകുന്ന ഓരോ യാത്രക്കാർക്കും.

കടവൂർ - അഞ്ചാലുംമൂട് റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയാൽ മാത്രം ഒരുപരിധിവരെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ കഴിയുമെന്നിരിക്കെ ഇത്തരത്തിൽ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെയുണ്ടായിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ തത്വത്തിൽ തീരുമാനമായെങ്കിലും നടപടിയെടുക്കാൻ അധികൃതർക്ക് അത്ര താല്പര്യമുണ്ടായില്ല. അന്നത്തെ യോഗത്തിൽ പഴയ അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത് നിലനിന്നിരുന്ന സ്ഥലത്ത് കോർപ്പറേഷൻ വക ബസ് സ്റ്റാൻഡും മറ്റും നിർമ്മിക്കുമെന്ന് അധികൃതർ വാഗ്ദാനം നൽകിയെങ്കിലും പ്രഖ്യാപനങ്ങൾ വെള്ളത്തിൽ വരച്ചതായി മാറുകയായിരുന്നു.

 വാഹനങ്ങളുടെ അതിപ്രസരം

നിലവിലെ വിവരമനുസരിച്ച് അറുന്നൂറ് സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സർവീസുകളാണ് അഞ്ചാലുംമൂട് വഴിയുള്ളത്. വരുന്ന പത്ത് ദിവസത്തിനുള്ളിൽ അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് ബൈപാസ് വഴി ഏഴോളം ബസുകളാണ് പെർമിറ്റിനായും സമയക്രമം ലഭിക്കുന്നതിനായി കൊല്ലം ഗതാഗതവകുപ്പ് ഓഫീസിൽ അനുമതിക്കായി കാത്തുനിൽക്കുന്നത്. ശരാശരി അഞ്ച് ട്രിപ്പുകൾ കണക്കാക്കിയാൽ പോലും പ്രതിദിനം എഴുപത് തവണ ഈ ബസുകൾ അഞ്ചാലുംമൂട് -കടവൂർ റോഡിലൂടെ കടന്നുപോകും. പുതുതായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾ വേറെ.

 അഞ്ചാലുംമൂട് വികസനവും പ്രതീക്ഷയും; സെമിനാർ നാളെ
അഞ്ചാലുംമൂടിന്റെ ഗതാഗതപ്രശ്നങ്ങളും വികസനവും അധികൃതരുടെ ശ്രദ്ധയിലെത്തിക്കുന്നതിനും പദ്ധതികൾ നടപ്പിലാക്കുന്നതിന് ഇടപെടലുകൾ നടത്തുന്നതിനുമായി കേരളകൗമുദിയുടെ നേതൃത്വത്തിൽ 'അഞ്ചാലുംമൂട് വികസനവും പ്രതീക്ഷയും' സെമിനാർ നാളെ രാവിലെ 10ന് അഞ്ചാലുംമൂട് വ്യാപാരി വ്യവസായി ഹാളിൽ നടക്കും. പരിപാടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. മുകേഷ് എം.എൽ.എ, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, ജനപ്രതിനിധികൾ, ഗതാഗതവകുപ്പ് - പൊലീസ് ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും. അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന് വായനക്കാർക്കും അവസരമുണ്ടായിരിക്കും.