കൊല്ലം: റേഷൻ കാർഡ് ഇല്ലാത്തതിനാലും ആഹാരവും കുടിവെള്ളവും കിട്ടാത്തതിനാലും ദൈവത്തിന്റെ സ്വന്തം നാടായ കേരളം മണ്ണുതിന്നുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകനും എസ്.എൻ.ഡി.പി നേതാവുമായ പി.എസ്. രാജേന്ദ്രന്റെ അഞ്ചാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
പി.എസ്. രാജേന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് കോയിവിള രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പട്ടത്താനം ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. എസ്. സുവർണകുമാർ, പ്രൊഫ. മോഹൻദാസ്, ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, ആദിക്കാട് മധു, എം.എം. സഞ്ജീവ്, എസ്. ശ്രീകുമാർ, കെ.ഡി.എഫ് നേതാവ് പി. രാമഭദ്രൻ, ആർ.കെ. ശശിധരൻപിള്ള, കോർപ്പറേഷൻ കൗൺസിലർ എൻ. മോഹനൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. കൈപ്പള്ളിൽ വിക്രമൻ നന്ദി പറഞ്ഞു.