# കീഴടക്കിയത് മൽപ്പിടിത്തത്തിലൂടെ,
# മൊബൈലിൽ പകർത്തിയ സുഹൃത്തും പിടിയിൽ
കൊല്ലം: സർക്കിൾ ഇൻസ്പെക്ടറെയും മൂന്ന് പൊലീസുകാരെയും മദ്യലഹരിയിൽ ആക്രമിച്ച യുവാവിനെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തി. അക്രമരംഗങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ശ്രമിച്ച സുഹൃത്തും കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായി.
ഇന്നലെ പുലർച്ചെ 3.30ന് കൊല്ലം കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കിളിമാനൂർ കൊടുവഴന്നൂർ ദീപാലയത്തിൽ ദീപു (25), ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി സനൂജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നഗരത്തിലെ പ്രമുഖ ബേക്കറിയിലെ പാചകതൊഴിലാളികളാണ്. പ്രതികൾക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കൃത്യ നിർവഹണം തടസപ്പെടുത്തിയതും അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പുലർച്ചെ ജീപ്പിൽ വന്ന സി.ഐ അജിത് കുമാർ കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാക്കളോട് കാര്യം തിരക്കി. ഈ സമയം ക്ഷേത്രത്തിന്റെ ഗേറ്റിൽ തലയിടിച്ചശേഷം നിലത്തുകിടന്ന ദീപു ചാടിയെണീറ്റ് സി.ഐയെ ആക്രമിക്കുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ ഡ്രൈവർ ബെൻഹറിനെയും ആക്രമിച്ചു. തികഞ്ഞ അഭ്യാസിയെപ്പോലെ ആക്രമണം തുടർന്ന ദീപുവിനെ കീഴ്പ്പെടുത്താനായില്ല. ഈ സമയം സനൂജ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. മറ്റ് വാഹനങ്ങളിൽ എത്തിയവർ ഇറങ്ങി തടസം പിടിക്കാൻ തുടങ്ങിയെങ്കിലും അവരെയും ദീപു ആക്രമിച്ചു. തുടർന്ന് വെസ്റ്റ്, ഈസ്റ്റ് സ്റ്റേഷനുകളിൽ നിന്നെത്തിയ പൊലീസുകാരെയും ആക്രമിച്ചു. ഇതിൽ വിൽസൺ, ഷെമീർ എന്നീ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഏറെ നേരത്തെ മൽപ്പിടിത്തത്തിലൂടെ ദീപുവിനെ കീഴ്പ്പെടുത്തി കൈകൾ പിന്നിലാക്കി കെട്ടുകയായിരുന്നു. പരിക്കേറ്റ സി.ഐ ഉൾപ്പെടെ നാല് പൊലീസുകാരെയും പ്രതി ദീപുവിനെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. രാത്രിയോടെ കോടതിയിൽ ഹാജരാക്കിയ ദീപുവിനെയും സനൂജിനെയും റിമാന്റ് ചെയ്തു.