kanjav

കടയ്ക്കൽ: കടയ്ക്കലിൽ നിലമേൽ മുതൽ മടത്തറ വരെയുള്ള മേഖലയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പെരുകുന്നതായി പരാതി. ബൈക്കുകളിലും ഓട്ടോകളിലുമാണ് ചെറുകിട കച്ചവടക്കാർ ചുറ്റുന്നത്. വിദ്യാലയങ്ങൾക്ക് അകത്തേക്ക് കഞ്ചാവടക്കം എത്തിക്കുന്നത് വിദ്യാർത്ഥികളായ കുട്ടി ഏജന്റുമാർ മുഖേനെയാണ്. നിലമേൽ, കടയ്ക്കൽ മാർക്കറ്റ്, പള്ളിമുക്ക്, സ്വാമിമുക്ക്, പാങ്ങലുകാട്, തൃക്കണ്ണാപുരം, പുളിപ്പച്ച, ചിതറ, കിഴക്കുംഭാഗം തുടങ്ങിയ സ്ഥലങ്ങളാണ് കഞ്ചാവിന്റെ പ്രധാന വിപണന കേന്ദ്രങ്ങൾ. രാത്രിയിൽ സാധനം ചെറുതും വലുതുമായ പൊതികളിലാക്കി വിൽപ്പനക്കാരുടെ പക്കൽ എത്തിക്കുന്നതിനും പ്രത്യേക ഏജന്റുമാരുണ്ട്. ഇവരുടെ വാഹനങ്ങൾക്ക് മുന്നിലും പുറകിലും പൈലറ്റ് വാഹനങ്ങളുള്ളതിനാൽ പിടികൂടാൻ വളരെ ബുദ്ധിമുട്ടാണ്. അടുത്തിടെ ആഴാന്തകുഴിയിൽ വച്ച് കാറിൽ നിന്നും ബൈക്ക് യാത്രികർക്ക് 'സാധന'മടങ്ങിയ ബാഗ് കൈമാറുന്നത് നാട്ടുകാർ കണ്ടിരുന്നു. എന്നാൽ ആളു കൂടിയപ്പോഴേക്കും പ്രതികൾ ബാഗിലുള്ള സാധനങ്ങളുമായി രക്ഷപ്പെടുകയായിരുന്നു.

എക്സൈസ് പരിധിക്ക് പുറത്ത്

ചടയമംഗലം എക്സൈസ് ഓഫീസിന്റെ പരിധിയിലാണ് കടയ്ക്കലും പരിസര പ്രദേശങ്ങളും. റെയ്ഞ്ച് ഓഫീസിൽ പത്ത് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. 9 പഞ്ചായത്തുകളിലാണ് അധികാര പരിധി. ഇവിടെ മലയോര മേഖല കൂടുതലായതിനാൽ എക്സൈസിന്റെ സേവനം മിക്കയിടത്തും ലഭിക്കാറില്ല. കടയ്ക്കൽ കേന്ദ്രീകരിച്ച് എക്സൈസ് റെയ്ഞ്ച് ഓഫീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിൽപ്പന നടക്കുന്ന പ്രദേശമാണെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തിട്ടും ഇവിടെ എക്സൈസ് ഓഫീസ് തുടങ്ങാൻ ഒരു നടപടിയുമുണ്ടായിട്ടില്ല. ഉൾപ്രദേശങ്ങളിൽ വ്യാജവാറ്റ് നടക്കുന്നുണ്ടെന്നും വിവരമുണ്ട്.

കൗമാരക്കാർ വഴിതെറ്റല്ലേ

കൗമാരക്കാരിലെ ലഹരി ഉപയോഗം വർദ്ധിക്കുന്നത് രക്ഷിതാക്കളിൽ ഭീതി പടർത്തുകയാണ്. പഠന സ്ഥലങ്ങളിൽത്തന്നെ ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കാനുള്ള സംഘങ്ങളുണ്ട്. സ്കൂളുകളിൽ ലഹരിക്കെതിരെ കൗൺസലിംഗ് നടത്താനും അധികൃതർ ശ്രദ്ധ ചെലുത്തുന്നില്ല. ബോധവൽക്കരണ ക്ളാസുകളും ഫലപ്രദമല്ല.