f

കൊല്ലം: കൊല്ലം - ചെങ്കോട്ട പാതയിലൂടെ ട്രെയിൻ ഗതാഗതം സുഗമമായതോടെ ആന്ധ്രയിൽ നിന്ന് ഗുഡ്സ് ട്രെയിനുകൾ വഴി കൊല്ലത്തേക്ക് അരി എത്തുമെന്നുള്ള പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുന്നു. ട്രെയിൻ മാർഗമുള്ള ചരക്ക് നീക്കത്തേക്കാൾ ലോറികളാണ് ലാഭകരമെന്ന മില്ലുടമകളുടെ നിലപാടാണ് തിരിച്ചടിയാകുന്നത്. ആന്ധ്രയിൽ മുമ്പുള്ളതിനെ അപേക്ഷിച്ച് പകുതിയിൽ താഴെ അരിമില്ലുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം പല മില്ലുകളും പൂട്ടി. ഇതും റോഡ് മാർഗമുള്ള ചരക്ക് നീക്കത്തിന് മില്ലുടമകളെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

വാഗണിൽ അരി എത്തിയാലും കൊല്ലത്തെ റെയിൽവേ ഗുഡ്സ് യാർഡിൽ നിന്ന് കച്ചവടക്കാർക്ക് ഇത് എത്തിക്കാൻ വീണ്ടും ലോറിയിൽ കയറ്റണം. ഇത്തരത്തിൽ ലോഡിംഗ്, അൺ ലോഡ‌ിംഗ് ചാർജ്ജായി നല്ലൊരു തുക ചെലവാകും. അരി ലോറിയിൽ എത്തിച്ചാൽ നേരിട്ട് വ്യാപാരികൾക്ക് അവരുടെ സ്ഥാപനങ്ങളിൽ ലോഡിറക്കാം. എന്നാൽ റെയിൽവെ ഗുഡ്സ് യാർഡിലുണ്ടായിരുന്ന തൊഴിലാളികൾക്കാണ് ഇത് തിരിച്ചടിയാകുന്നത്.

തൊഴിലില്ലാതെ 500 ലേറെ തൊഴിലാളികൾ

വാഗണിൽ അരിവരവ് നിലച്ചതോടെ ഗുഡ്സ് യാർഡിലുണ്ടായിരുന്ന 750 ഓളം തൊഴിലാളികളിൽ നല്ലൊരു വിഭാഗത്തിനും തൊഴിൽ നഷ്ടമായി. ഒരുകാലത്ത് തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗുഡ്സ് യാർഡായിരുന്നു കൊല്ലത്തേത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ വ്യാപാരികൾക്കുള്ള മുഴുവൻ അരിയും കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് വാഗൺ മാർഗം എത്തിയിരുന്നത് കൊല്ലത്തായിരുന്നു. വാഗണുകളിൽ നിന്ന് അരിയിറക്കാനും ലോറികളിൽ കയറ്റാനുമായി നൂറുകണക്കിന് തൊഴിലാളികളും ലോറികളുമാണ് എത്തിയിരുന്നത്. അരി വരവ് നിലച്ചതോടെ വല്ലപ്പോഴും സിമന്റുമായെത്തുന്ന വാഗണുകളാണ് തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നത്. സ്ഥിരമായി തൊഴിലില്ലാതായതോടെ തൊഴിലാളികളിൽ നല്ലൊരു വിഭാഗവും മറ്റു മേഖലകളിലേക്ക് കുടിയേറ

മുമ്പുണ്ടായിരുന്ന തൊഴിലാളികളുടെ കണക്ക് ഇങ്ങനെ

ചുമട്ട് തൊഴിലാളികൾ: 84

ചുമട്ട് തൊഴിലാളികൾ (സബ്സ്റ്റിറ്റ്യൂട്ട്): 84

ലോഡിംഗ് തൊഴിലാളികൾ: 200

ലോറി തൊഴിലാളികൾ: 300

വിവിധ ഏജന്റുമാർ: 100

വാഗണുകളിൽ വീണ്ടും അരി എത്തിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. എൻ.കെ പ്രേമചന്ദ്രൻ എം.പി അടക്കം പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഇപ്പോൾ ലോറി മാർഗം അരി എത്തിക്കുന്നതാണ് ലാഭകരമെന്നാണ് ആന്ധ്രയിലെ മില്ലുടമകൾ പറയുന്നത്. വാഗണുകളിൽ എത്തിക്കാൻ ശ്രമം തുടരും. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയാണ്

കെ. സുരേഷ്ബാബു, പ്രസിഡന്റ്, കൊല്ലം റെയിൽവെ ഗുഡ്സ് ഷെഡ് ലോഡിംഗ് ആൻഡ് അൺലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി)

വാഗണിൽ അരി എത്തിയിരുന്നെങ്കിൽ അരി വിലയിൽ കുറവു വരുമായിരുന്നു. മില്ലുടമകളുമായി പല തവണ ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും ലോറി മാർഗമുള്ള ഗതാഗതം ലാഭകരമായതിനാൽ വാഗണിനെ ആശ്രയിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് മില്ലുടമകൾ.

എസ്. രമേശ് കുമാർ (കൊല്ലം ചേമ്പർ ഒഫ് കൊമേഴ്സ്)