ഓടനാവട്ടം: വെളിയം ജംഗ്ഷന് സമീപം വയൽ നികത്തി മണ്ണിട്ട ഓലിക്കര ഏല മാലിന്യം നിറഞ്ഞ് വെള്ളക്കെട്ടായത് നാട്ടുകാരെ വലയ്ക്കുന്നു. വെള്ളക്കെട്ട് മൂലം മഴവെള്ളം പഞ്ചായത്ത് റോഡിലൂടെ അരക്കിലോമീറ്ററോളം ഒഴുകുന്ന അവസ്ഥയാണ്. കെ.ഐ.പി തോടിലേയ്ക്കുള്ള ജലത്തിന്റെ ഒഴുക്കും തടസപ്പെട്ടിട്ടുണ്ട്. ഈ പുരയിടത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന പൗൾട്രി ഫാമിൽ നിന്നുള്ള മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും വെള്ളക്കെട്ടിൽ നിക്ഷേപിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. അതുകൊണ്ടുതന്നെ ഇവിടെ തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാണ്.
മത്സ്യവും മാംസവും വിൽക്കാൻ സൗകര്യമുള്ള സ്വകാര്യമാർക്കറ്റ് ഈ ഏലായിൽ തുടങ്ങുന്നതിനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ മാർക്കറ്റ് തുടങ്ങാനായി പഞ്ചായത്തിൽ അപേക്ഷ നൽകിയിരിക്കുന്നതെന്നാണ് ആക്ഷേപം. ആളൊഴിഞ്ഞ പ്രദേശത്ത് എല്ലാവർക്കും സൗകര്യപ്രദമായി ഇപ്പോൾ പ്രവർത്തിക്കുന്ന സ്വകാര്യ മാർക്കറ്റിന്റെ കാലാവധി അവസാനിക്കാറായി. അതിനാലാണ് ഇവിടെ മറ്റൊരു സ്വകാര്യ മാർക്കറ്റ് തുടങ്ങാനുള്ള നീക്കം നടക്കുന്നത്. സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. സ്വകാര്യ മാർക്കറ്റിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും, ജില്ലാകളക്ടർക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
വെള്ളക്കെട്ടിന്റെ കാരണം
1. അശാസ്ത്രീയവും അപൂർണവുമായ ഓടനിർമ്മാണം
2. ഏലായ്ക്ക് സമീപമുള്ള ചാൽ മണ്ണിട്ട് നികത്തിയത്
3. വയൽ മണ്ണിട്ട് ഉയർത്തിയത്
ഓലിക്കര ഏലായിലെ വെള്ളക്കെട്ട് തീരാദുരിതമാണ് സൃഷ്ടിക്കുന്നത്. കൊതുക് ശല്യം വളരെ കൂടുതലാണ്. കുട്ടികൾക്ക് നിരന്തരം അസുഖങ്ങളും വരുന്നുണ്ട്. പുതുതായി സ്വകാര്യ മാർക്കറ്റ് വരുന്നതും ഈ പ്രദേശത്തിന് ദോഷകരമാണ്. മാർക്കറ്റ് വരുന്നതിലുള്ള പ്രതിഷേധം ബന്ധപ്പെട്ടവരോട് അറിയിച്ചിട്ടുണ്ട്. നിലവിൽ പ്രവർത്തിച്ചുവരുന്ന പൊതുമാർക്കറ്റ് എല്ലാവർക്കും പ്രയോജനകരമാണ്.
വിജയലക്ഷ്മി, ശങ്കരമംഗലത്ത് വീട്, വെളിയം, 8289933617
വയൽ മണ്ണിട്ടുനികത്തിയതാണ് പ്രശ്നമായത്. ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ള
ക്കെട്ടുണ്ടാകുന്ന അവസ്ഥയാണ്. പഞ്ചായത്ത് അധികൃതർ അശാസ്ത്രീമായി റോഡുനിർമ്മാണം നടത്തിയതും വെള്ളക്കെട്ടിന് കാരണമായി. പുതുതായി ഏലായിൽ മാർക്കറ്റ് വന്നാൽ ഞങ്ങളുടെ ജീവിതം ദുസഹമാകും. അധികൃതർ എത്രയും വേഗം ഇടപെടണം.
സുലോചന, തുഷാരം, വെളിയം, 9495585117