v
എ.ഐ.വൈ.എഫ്

കൊല്ലം: ഉന്നാവോയിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയും സുഹൃത്തുക്കളും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

യു.പി യിലെ യോഗി ആദിത്യനാഥ് സർക്കാർ കുറ്റകരമായ അനാസ്ഥയാണ് വരുത്തിയത്. പ്രതികൾ ബലാൽസംഗം ചെയ്തതായി കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാതെ ചിലർക്കുള്ള ബി.ജെ.പി ബന്ധത്താൽ പൊലീസ് അവരെ സംരക്ഷിക്കുകയായിരുന്നു. കോടതി ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ കേസ് രജിസ്റ്റർ ചെയ്തത്. അതിനു ശേഷം പ്രതികളുടെ ഭാഗത്തു നിന്നും നിരന്തരം ഭീഷണിയും പീഡനങ്ങളും നേരിടുന്നതായി യുവതിയുടെ വീട്ടുകാർ പരാതിപ്പെട്ടിട്ടും സർക്കാരും പൊലീസും പെൺകുട്ടിക്ക് സംരക്ഷണം നൽകാതിരുന്നത് ദുരൂഹമാണ്.

ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുവാനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് തടയിടുവാനും കർക്കശമായ നീതി നിർവഹണവും ശിക്ഷയും ഉറപ്പുവരുത്തണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ ആവശ്യപ്പെട്ടു.