കൊല്ലം: തദ്ദേശസ്വയഭരണ വകുപ്പിന് കീഴിലുള്ള നഗരസഭകളിൽ സംസ്ഥാന വ്യാപകമായി ഇന്നലെ 'ഓപ്പറേഷൻ പിരാന'എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയുടെ ഭാഗമായി കൊല്ലം കോർപ്പറേഷൻ ഓഫീസിലും, കോർപ്പറേഷൻ സോണൽ ഓഫീസുകളിലും പരിശോധന നടത്തി. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് അനുമതി നൽകുന്നതും കെട്ടിട നമ്പർ നൽകുന്നത് സംബന്ധിച്ചും നിരവധി ക്രമക്കേടുകൾ കണ്ടെത്തി.
വിജിലൻസ് ദക്ഷിണമേഖല പൊലീസ് സൂപ്രണ്ട് ആർ. ജയശങ്കറിന്റെ നിർദ്ദേശാനുസരണം കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി. കെ.അശോകകുമാർ. ഇൻസ്‌പെക്ടർമാരായ വി. ആർ. രവികുമാർ, അജയ് നാഥ്, അൽജബാർ, സുധീഷ്, രാജേഷ്, ശാസ്താകോട്ട ഇറിഗേഷൻ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ആർഷാ നാഥ് പി. ആർ, ചാത്തന്നൂർ ചൈൽഡ് ഡവലപ്മെന്റ് ഓഫീസർ രഞ്ജിനി. എൽ, കൊല്ലം മൈനർ ഇറിഗേഷൻ എ. ഇ. സൂജ, കൊല്ലം പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ ബിജു, കൊല്ലം കെ. ഐ. പി. എൽ.ബി. ഡിവിഷൻ എ. ഇ. സജി. പി. വർഗ്ഗീസ്, തൃക്കരുവ ഗ്രാമപഞ്ചായത്ത് എ. ഇ. പ്രവീൺ തുടങ്ങിയവരുടെ മേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.
പരാതികൾ
കെട്ടിട നർമ്മാണ അപേക്ഷകളിൽ കൈക്കൂലിയ്ക്ക് വേണ്ടി മനപൂർവ്വം സ്ഥലപരിശോധന നടത്താതിരിക്കുന്നു, പരിശോധിച്ചവയിൽ പെർമിറ്റ് നൽകാതെ എൻജിനീയർമാരും, ഓവർസീയർമാരും മനപ്പൂർവ്വം കാലതാമസം വരുത്തുന്നു, അനുവദിച്ച പെർമിറ്റിന് വിരുദ്ധമായും, കെട്ടിട നിർമ്മാണചട്ടങ്ങൾ പാലിക്കാതെയും നിർമ്മിച്ച കെട്ടിടങ്ങൾക്ക് വൻതുക കൈക്കൂലി വാങ്ങി എൻജിനീയർമാരും, ഓവർസീയർമാരും ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് നൽകുന്നു
കണ്ടെത്തിയ ക്രമക്കേടുകൾ
1. 2019 ഏപ്രിൽ മാസം മുതൽ ലഭിച്ച കെട്ടിട നിർമ്മാണ അനുമതി അപേക്ഷകളിൽ 176 എണ്ണത്തിൽ തിരുമാനം എടുത്തിട്ടില്ല.
അതിൽ 45 എണ്ണം സേവനാവകാശ നിയമത്തിന്റെ പരിധി കഴിഞ്ഞവയാണ്.
2.പല അപേക്ഷകളിലും നോട്ടീസ് കൊടുത്ത് അപേക്ഷ നിരസിച്ചതായി എഴുതിയിട്ടുണ്ട്. കെട്ടിട അപേക്ഷ രജിസ്റ്ററിൽ ഒക്കുപ്പൻസിയുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ഒക്കുപ്പൻസി സർട്ടിഫിക്കറ്റിന്റെ 206 അപേക്ഷകൾ ലഭിച്ചതിൽ 25 എണ്ണം പെൻഡിംഗിലാണ്.
ശക്തികുളങ്ങര സോണൽ ഓഫീസ്:
ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ലഭിച്ച അപേക്ഷകളിൽ 113 എണ്ണം പെൻഡിംഗാണ്. അതിൽ 45 എണ്ണം സേവനാവകാശ നിയമത്തിന്റെ പരിധി കഴിഞ്ഞവയാണ്. ഒക്കുപ്പൻസിയ്ക്കായി ലഭിച്ച 284 അപേക്ഷകളിൽ 5 എണ്ണം പെൻഡിംഗ് ആണ്. പി.എം.എ.വൈ പ്രകാരമുള്ള 7 കെട്ടിട പെർമിറ്റ് അപേക്ഷ പെൻഡിംഗ് ആയി കാണുന്നു.
തൃക്കരുവ സോണൽ ഓഫീസ്:
ജനവരി ഒന്നു മുതൽ ഡിസംബർ 3 വരെ 306 അപേക്ഷകൾ ലഭിച്ചതിൽ 96 എണ്ണം പെൻഡിംഗ് . 53 എണ്ണം സേവനാവകാശനിയമ പരിധി കഴിഞ്ഞുള്ളവയാണ്. അപേക്ഷകളിലെ ന്യുനതകൾ പരിഹരിക്കാനുള്ള വിവരം അപേക്ഷകരെ അറിയിക്കാതെ പെൻഡിംഗായി സൂക്ഷിക്കുന്നു.
വടക്കേവിള സോണൽ ഓഫീസ്:
ഒരു ഓവർസീയർ നവംബറിൽ എല്ലാദിവസവും, ഡിസംബറിൽ 3 ദിവസം ഒഴികെയുള്ള ബാക്കിയുള്ള ദിവസങ്ങളിലും ഡ്യുട്ടിയിൽ നിന്ന് അനധികൃതമായി മാറി നിൽക്കുന്നതായി കണ്ടെത്തി. സൂപ്രണ്ടിംഗ് എൻജിനീയർ ഈ ഓവർസിയർക്ക് ഇതുവരെ മെമ്മോ മാത്രമേ നൽകിയിട്ടുള്ളു.
ഇരവിപുരം സോണൽ ഓഫീസ്:
2018- 19 വർഷത്തിലെ 159 അപേക്ഷകളിൽ 129 എണ്ണം പെൻഡിംഗ് ആണ്.
കമന്റ്
കോർപ്പറേഷൻ ഓഫീസിലെയും, സോണൽ ഓഫീസുകളിലെയും പെൻഡിംഗ് ആയിട്ടുള്ള എല്ലാ ഫയലുകളും വരും ദിവസങ്ങളിൽ പരിശോധിച്ചും, അപേക്ഷകരെ കണ്ടുചോദിച്ചും പരിശോധന തുടരും. സേവനാവകാശ നിയമപ്രകാരം നിശ്ചിത ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ പെൻഡിംഗ് ആക്കി വച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് റിപ്പോർട്ട് സമർപ്പിക്കും.
കെ.അശോകകുമാർ
വിജിലൻസ് ഡിവൈ. എസ്. പി.