കൊല്ലം: കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് മാത്രമേ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിയൂ എന്ന് സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരള കർഷക സംഘം സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാലഗോപാൽ.
കർഷകരും കർഷക തൊഴിലാളികളും ഇതര മേഖലകളിലെ തൊഴിലാളികളും ഉന്നയിക്കുന്ന ആവശ്യങ്ങൾ ചെവിക്കൊള്ളാൻ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ തയ്യാറല്ല. രാജ്യത്തെ കാർഷിക മേഖലയിൽ വരും നാളുകളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം ഉയർന്നുവരും. പ്രക്ഷോഭങ്ങളുടെ മുന്നണിയിൽ കർഷക സംഘങ്ങളുണ്ടാകും. കൊല്ലത്ത് നടക്കുന്ന കർഷക സംഘം സംസ്ഥാന സമ്മേളനം കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനായി ശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്ന് ബാലഗോപാൽ പറഞ്ഞു.
സി. കേശവൻ സ്മാരക ടൗൺ ഹാളിൽ ജനുവരി 22 മുതൽ 24 വരെ നടക്കുന്ന കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ചിന്നക്കട ഷാ ഹോട്ടലിന് സമീപത്താണ് പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. കൊല്ലം ജില്ലാ സെക്രട്ടറി സി. ബാൾഡുവിൻ സ്വാഗതവും പ്രസിഡന്റ് അഡ്വ. ബിജു കെ. മാത്യു നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്
മാത്യു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.എസ്. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.