കൊല്ലം: സംസ്ഥാനത്തെ തീരദേശ മേഖലയുടെ സംരക്ഷണത്തിന് സർക്കാർ 529 കോടി രൂപയാണ് ചെലവഴിക്കുകയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കൊല്ലം ബീച്ച് മുതൽ താന്നി വരെയുള്ള പുലിമുട്ടുകളുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അര നൂറ്റാണ്ടായി മുടങ്ങിക്കിടന്ന നിർമാണ പ്രവർത്തനങ്ങൾ വരെ തീരദേശ സംരക്ഷണത്തിനായി തുടങ്ങുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെയും പുലിമുട്ടുകൾ നിർമിക്കുന്നത്. ഒരുവർഷത്തിനകം നിർമാണം പൂർത്തീകരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചുപിലാംമൂട് തീരദേശ റോഡ് നിർമാണവും ഉദ്ദേശിക്കുന്നു.
മേഖലയിലുള്ളവർക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പരവൂർ പൊഴിക്കര മുതൽ കൊല്ലം ബീച്ചുവരെ വിനോദസഞ്ചാര വികസന സാധ്യതയുള്ള പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
എം നൗഷാദ് എം. എൽ. എ അധ്യക്ഷനായി. ആക്ടിംഗ് മേയർ വിജയ ഫ്രാൻസിസ്, കോപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എസ്. ഗീതാകുമാരി, വി. എസ് പ്രിയദർശൻ, കൗൺസിലർമാരായ ഗിരിജ സുന്ദരൻ, ബേബി സേവ്യർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, കോസ്റ്റൽ അർബൻ ബാങ്ക് പ്രസിഡന്റ് എച്ച് .ബേസിൽലാൽ, ഫാദർ. ബിജു, തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി. ഐ ഷെയ്ഖ് പരീത്, ചീഫ് എൻജിനീയർ ടി. വി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.