കൊല്ലം: സവാളയുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.
കൊല്ലം ചാമക്കടയിലാണ് വൈകുന്നേരത്തോടെ കളക്ടർ പരിശോധനയ്ക്ക് എത്തിയത്. സവാളയ്ക്ക് കിലോയ്ക്ക് 145 മുതൽ 155 വരെയായിരുന്നു വില. സവാള മൊത്തമായി വാങ്ങുമ്പോഴുള്ള ബില്ലുമായി വിപണിവില ഒത്തു നോക്കിയ കളക്ടർ ഗോഡൗണുകളിലും പരിശോധന നടത്തി. സ്റ്റോക്കുകളുടെ തൂക്കവും മറ്റ് കണക്കുകളുടെയും വിവരങ്ങൾ ശേഖരിച്ചു.
തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സവാള എത്തുന്നത്. മൊത്തമായി എത്തുന്ന സ്റ്റോക്കുകളുടെ കൃത്യമായ വിവരങ്ങൾ സൂക്ഷിക്കണമെന്നും ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്നും കളക്ടർ വ്യാപാരികളോട് പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും ആവശ്യമെങ്കിൽ ലീഗൽ മെട്രോളജി,ഭക്ഷ്യസിവിൽ സപ്ലൈസ്, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തുമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ സപ്ലൈസ് ഓഫീസർ അനിൽരാജ്, താലൂക്ക് സപ്ലൈ ഓഫീസർ അനിൽ കുമാർ, ലീഗൽ മെട്രോളജി വകുപ്പ് സീനിയർ ഇൻസ്പെകടർ സാന്ദ്രജോൺ, ഇൻസ്പെക്ടർ അലക്സാണ്ടർ തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.