kottatahalam
ഞാങ്കടവ് പദ്ധതിക്കായി പുത്തൂർ ഞാങ്കടവിൽ കല്ലട ആറിനോട് ചേർന്ന് നിർമ്മിച്ച കിണറും പമ്പ് ഹൗസും

കൊട്ടാരക്കര: ഞാങ്കടവ് കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ റെയിൽവേ ട്രാക്കിന് അടിയിലൂടെയുള്ള തുരങ്കത്തിന്റെ നിർമ്മാണം ആരംഭിച്ചു. കുണ്ടറയ്ക്കും കേരളപുരത്തിനും ഇടയിൽ ഏഴാംകുറ്റി ഭാഗത്താണ് റെയിൽവേ ട്രാക്കിന്റെ അടിയിലൂടെ പൈപ്പ് കടന്നുപോകുന്നത്. കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ നിന്ന് തുടങ്ങി ട്രാക്കിന് അപ്പുറത്തെ ഇടറോഡിലെത്തുന്ന വിധമാണ് 25 മീറ്റർ നീളത്തിൽ ഒന്നര മീറ്റർ വ്യാസമുള്ള തുരങ്കം നിർമ്മിക്കുക. ട്രാക്കിന്റെ നിലവിലുള്ള നിരപ്പിൽ നിന്ന് മൂന്ന് മീറ്റർ താഴ്ചയിലൂടെയാണ് തുരങ്കം കടന്നുപോകുക. അതുകൊണ്ട് ട്രാക്കിന് ബലക്ഷയമോ മറ്റ് നഷ്ടങ്ങളോ ഉണ്ടാകാനിടയില്ല. നാലേകാൽ ലക്ഷം രൂപ റെയിൽവേയ്ക്ക് അടച്ചപ്പോഴാണ് ഇതിനുള്ള അനുമതി ലഭിച്ചത്.

കരാർ തമിഴ്നാട് ഏജൻസിക്ക്

ട്രാക്കിനടിയിൽക്കൂടി തുരങ്കം നിർമ്മിച്ച് പൈപ്പിടാൻ വിദഗ്ദ്ധരായ തമിഴ്‌നാട് ഏജൻസിക്കാണ് നിർമ്മാണ കരാർ നൽകിയത്. 25 മീറ്റർ നീളത്തിൽ തുരങ്കം നിർമ്മിക്കുന്നതിന് മാത്രം 14 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. യന്ത്ര സാമഗ്രികളും വിദഗ്ദ്ധ തൊഴിലാളികളും ഇതിന് ആവശ്യമാണ്. ട്രാക്കിന് യാതൊരുവിധ തകരാറും ഉണ്ടാകാത്ത വിധം പൈപ്പ് മറുവശത്ത് എത്തിക്കേണ്ടതുണ്ട്. നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ രണ്ട് മാസം വേണ്ടിവരും.

ചെലവ്: 14 ലക്ഷത്തോളം

നീളം:25 മീറ്റർ

ആഴം: 3 മീറ്റർ

വ്യാസം: 15.5 മീറ്റർ

പൂർത്തിയാകാൻ രണ്ട് മാസം