paravur
തെക്കുംഭാഗം നേരുകടവ് ബോട്ട്ജെട്ടി

പരവൂർ: ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പരവൂരിലെ ബോട്ട് ജെട്ടികൾ ആർക്കും പ്രയോജനമില്ലാതെ നോക്കുകുത്തികളായി നശിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെ. ഒന്നും രണ്ടുമല്ല, പൂതക്കുളം പഞ്ചായത്തിന്റെയും പരവൂർ നഗരസഭയുടെയും അതിർത്തികളിലായി അരഡസനോളം ജെട്ടികളാണ് കാടുകയറി കമ്പിവരികൾ ജീർണിച്ച് നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്.

പീന്തൽ മുക്ക്, കാപ്പിൽ, നേരുകടവ്, കലയ്‌ക്കോട്, നെല്ലേറ്റിൽ തുടങ്ങിയ കടവുകളിലാണ് ബോട്ടുജെട്ടികൾ നിർമ്മിക്കപ്പെട്ടത്. ഓരോന്നിനും കുറഞ്ഞത് 20 ലക്ഷം രൂപ ചെലവായിട്ടുണ്ടന്നാണ് കണക്ക്. ഒൻപത് വർഷം മുമ്പാണ് തെക്കുംഭാഗം നേരുകടവ് ജെട്ടി പൂർത്തീകരിച്ചത്. ഇതിന്റെ കൈവരികൾ അപ്പാടെ തുരുമ്പെടുത്ത് നശിച്ചു. ശേഷിപ്പുകൾ വല്ലതുമുണ്ടോയെന്ന് അറിയാൻ കായലിൽ മുങ്ങിത്തപ്പണം. സമീപത്താകെ കാടുപിടിച്ച് മൂടുകയും ചെയ്തു.

ഉൾനാടൻ ജലഗതാഗത വകുപ്പ് നിർമ്മിച്ച ജെട്ടികളിൽ ഒരെണ്ണം പോലും ഉദ്ഘാടനം ചെയ്തില്ലെന്നതിന്റെ പിന്നിലെ നിഗൂഢത ജനങ്ങളിൽ ഇപ്പോൾ സംശയം ജനിപ്പിക്കുകയാണ്.

 ബോട്ട് സർവീസില്ല; സി.എച്ച്.സിയിൽ ആളുമില്ല

തെക്കുംഭാഗത്ത് നിന്ന് കലയ്ക്കോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കായൽമാർഗം വളരെ കുറച്ച് സമയത്തിനുള്ളിൽ സഞ്ചരിക്കാമെന്നിരിക്കെ ബോട്ട് സർവീസില്ലാത്തത് ഇവിടേക്കുള്ള രോഗികളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. മുമ്പ് വൻതിരക്കുണ്ടായിരുന്ന കലയ്ക്കോട് സി.എച്ച്.സിയിൽ ഇന്ന് പേരിന് മാത്രമാണ് ആളെത്തുന്നത്. കടത്തുവള്ളവും സർവീസ് നിറുത്തലാക്കിയതോടെ തെക്കുംഭാഗം നിവാസികൾ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

 ബോട്ട് സർവീസ് ആരംഭിച്ചാൽ പരവൂരിലെ വിവിധ പ്രദേശങ്ങളിലെ കയർ തൊഴിലാളികളുടെ യാത്ര ക്ലേശത്തിന് പരിഹാരമാകും. സമയനഷ്ടവും പണച്ചെലവും കുറയുകയും ചെയ്യും. ഇപ്പോൾ രാവിലെ ഒരു പ്രാവശ്യം മാത്രമാണ് കടത്തുവള്ളം സർവീസ് നടത്തുന്നത്.

മുബാറക്ക്, തെക്കുംഭാഗം സ്വദേശി