c
കൊല്ലം പോർട്ടിന്റെ എമിഗ്രേഷൻ പോയിന്റ് സ്വപ്നം സംസ്ഥാന തുറമുഖ വകുപ്പ് അട്ടിമറിക്കുന്നു

 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സത്യവാങ്മൂലം നൽകിയില്ല

കൊല്ലം: കൊല്ലം പോർട്ടിന്റെ എമിഗ്രേഷൻ പോയിന്റ് എന്ന സ്വപ്നം സംസ്ഥാന തുറമുഖ വകുപ്പ് അട്ടിമറിക്കുന്നു. എമിഗ്രേഷൻ പോയിന്റ് അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ സമർപ്പിച്ചില്ല. തുറമുഖ വകുപ്പിന്റെ ഈ മെല്ലെപ്പോക്കാണ് കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതിന് തടസമായി നിൽക്കുന്നത്.

എമിഗ്രേഷൻ പോയിന്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതുമായും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായും ബന്ധപ്പെട്ട സത്യവാങ്മൂലം 2018ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകാഞ്ഞതിനെ തുടർന്ന് നാല് മാസം മുമ്പ് വീണ്ടും സത്യവാങ്മൂലം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സമർപ്പിച്ചില്ല.

കൊല്ലത്ത് എമിഗ്രേഷൻ പോയിന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തുറമുഖ വകുപ്പ് ഇടക്കിടെ നിവേദനം നൽകാറുണ്ട്. ഇങ്ങനെ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഈവർഷം ആദ്യം ഫോറിനർ രജിസ്ട്രേഷൻ റീജിയണൽ ഓഫീസിൽ(എഫ്.ആർ.ആർ.ഒ) നിന്നുള്ള ഉദ്യോഗസ്ഥർ കൊല്ലം പോർട്ട് സന്ദർശിച്ചിരുന്നു. ഇവരുടെ നിർദ്ദേശപ്രകാരം എമിഗ്രേഷൻ പോയിന്റിന്റെ പ്രവർത്തനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. കഴിഞ്ഞമാസം വീണ്ടുമെത്തിയ എഫ്.ആർ.ആർ.ഒ സംഘം സൗകര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. പക്ഷെ ഇതുസംബന്ധിച്ച രേഖമൂലമുള്ള റിപ്പോർട്ടും സത്യവാങ്മൂലവും സമർപ്പിക്കുന്നത് ബോധപൂർവ്വം വൈകിപ്പിക്കുകയാണ്.

 മന്ത്രിമാർ ഇടപെട്ടാലും അനങ്ങില്ല

കഴിഞ്ഞ നവംബർ 19ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ചേംബറിൽ കൊല്ലം പോർട്ട് വികസനുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേർന്നിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി മേഴ്സിക്കുട്ടിഅമ്മയും യോഗത്തിൽ പങ്കെടുത്തിരുന്നു. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകാൻ ഈ യോഗത്തിൽ തീരുമാനിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.

ആദ്യ സത്യവാങ്മൂലം ആവശ്യപ്പെട്ടത്: 2018ൽ

രണ്ടാമത്തേത്: 4 മാസം മുമ്പ്