photo
ക്ഷീര കർഷക സംഗമത്തോടനുബന്ധിച്ച് ആയൂരിൽ നടന്ന യോഗം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജോസ് ജെയിംസ്, രഞ്ജു സുരേഷ്, അഡ്വ. വി. രവീന്ദ്രനാഥ് തുടങ്ങിയവർ സമീപം

അഞ്ചൽ: കേന്ദ്ര സർക്കാർ ആർ.സി.ഇ.പി കരാർ നടപ്പാക്കിയാൽ ഇന്ത്യയിലെ ക്ഷീരമേഖല പൂർണമായും തകർന്നടിയുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കേരളാ ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെയും ആയൂർ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ക്ഷീര കർഷക സംഗമത്തിന്റെയും നാടൻ പശുക്കുട്ടി വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരമേഖലയ്ക്ക് മാത്രമല്ല കാർഷിക മേഖലയ്ക്കാകെ ഈ കരാർ ദോഷകരമാണ്. കരാറിനെതിരെ ശക്തമായ എതിർപ്പ് ഭരണകക്ഷികളിൽ നിന്നുതന്നെ ഉണ്ടായതിനെ തുടർന്ന് കേന്ദ്ര സർക്കാർ താൽക്കാലികമായി പിൻമാറിയിരിക്കുകയാണ്. സംസ്ഥാനത്ത് എട്ട് ലക്ഷത്തോളം കുടുംബങ്ങളാണ് ക്ഷീരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. ക്ഷീരകർഷകർക്ക് ഒട്ടേറെ ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. താമസിക്കാതെ തന്നെ പാൽ ഉൽപ്പാദനത്തിൽ സംസ്ഥാനത്തിന് സ്വയംപര്യാപ്തത നേടാൻ കഴിയും. സംസ്ഥാനതല ക്ഷീര കർഷക സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും ഇതോടനുബന്ധിച്ച് ക്ഷീരകർഷക പാർലമെന്റ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. വി. രവീന്ദ്രനാഥ്, രാധാകൃഷ്ണൻ നായർ, ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, ഡോ. എം.കെ. പ്രസാദ്, എസ്. ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുജാ തോമസ്, തങ്കമണി, അനിലാ ഷാജി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കുണ്ടൂർ ജെ. പ്രഭാകരൻപിള്ള, രാധാ രാജേന്ദ്രൻ, കടയിൽ ബാബു, എൻ.ആർ. ഗോപൻ, ആയൂർ ബിജു തുടങ്ങിയവർ സംസാരിച്ചു. കെ.എൽ.ഡി ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് ജെയിംസ് സ്വാഗതവും ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ജി.എസ്. അജയകുമാർ നന്ദിയും പറഞ്ഞു.