kadal

കൊല്ലം: നാല് മത്സ്യത്തൊഴിലാളികളുമായി ശക്തികുളങ്ങരയിൽ നിന്ന് പുറപ്പെട്ട സ്നേഹിതൻ എന്ന ബോട്ട് കാണാതായി. ബോട്ടിന്റെ പ്രൊപ്പലറിൽ വല കുരുങ്ങിയിതിനെ തുടർന്ന് തിരയിൽപ്പെട്ട് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സ്നേഹിതൻ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. കരുനാഗപ്പള്ളി വലിയകുറ്റിവട്ടം സ്വദേശികളായ മുജീബ്, മജീദ്, നീണ്ടകര സ്വദേശികളായ സാബു, യേശുദാസൻ എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

സ്രാങ്കായ മുജീബിനെ ശനിയാഴ്ച രാത്രി 9.30ന് മകൻ വിളിച്ചപ്പോൾ തങ്ങൾ പരവൂർ ഭാഗത്തുണ്ടെന്നാണ് അറിയിച്ചത്. ഇന്നലെ പുലർച്ചെ 1.30ന് മുജീബ് മകനെ വിളിച്ച് തങ്ങൾ തങ്കശ്ശേരി ഭാഗത്ത് ഉണ്ടെന്നും ബോട്ടിൽ വല കുരുങ്ങിയതായും പറഞ്ഞു. അര മണിക്കൂറിന് ശേഷം മുജീബ് വീണ്ടും വിളിച്ച് ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി പടിഞ്ഞാറോട്ട് ഒഴുകുകയാണെന്നും അപ്പോൾ 23 കാതം അകലെയാണെന്നുമാണ് പറഞ്ഞത്. ഇതിന് ശേഷം മുജീബ് വിളിച്ചില്ല.

മകൻ പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. ആശയവിനിമയം സാദ്ധ്യമല്ലാത്ത മേഖലയിലേക്ക് ബോട്ട് തിരയിൽപ്പെട്ട് നീങ്ങിയതാകാമെന്നാണ് സംശയം. കടലിൽ തിര അത്ര ശക്തമല്ലാത്തതിനാൽ അപകടത്തിനുള്ള സാദ്ധ്യത വിരളമാണെന്ന് മറൈൻ എൻഫോഴ്സ്മെന്റ് പറഞ്ഞു. വിവരമറിഞ്ഞതിനെ തുടർന്ന് കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും മറൈൻ എൻഫോഴ്സ്മെന്റിന്റെയും കോസ്റ്റൽ പൊലീസിന്റെയും ബോട്ടുകളും തെരച്ചിൽ ആരംഭിച്ചു. വയർലെസ് അടക്കമുള്ള സംവിധാനങ്ങൾ ബോട്ടിലില്ല. ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ബോട്ട് എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇന്നലെ രാവിലെ മത്സ്യവുമായി മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ കടലിലേക്ക് പുറപ്പെട്ടത്.