photo
തഴവാ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാ പ്രവർത്തകർ കില ഇ.ടി.സി പ്രിൻസിപ്പൽ കൃഷ്ണകുമാറിനോടൊപ്പം

കരുനാഗപ്പള്ളി: തഴവ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് ശുചിത്വം, മാലിന്യ സംസ്‌ക്കരണം എന്ന വിഷയത്തിൽ കൊട്ടാരക്കര കില ഇ.ടി.സി ക്ലാസ് റൂം, ഫീൽഡ് തല പരിശീലനം നൽകി. ഹരിത കർമ്മസേന അംഗങ്ങൾ പുനലൂർ നഗരസഭയുടെ പ്ലാച്ചേരിയിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിച്ചു പഠനം നടത്തി. അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌ക്കരണ രീതികൾ പുനലൂർ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ പരിശീലനാർത്ഥികളോട് വിശദീകരിച്ചു. വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ചില്ല് കുപ്പികൾ, മരുന്നു കുപ്പികൾ, ഇലക്ട്രോണിക് മാലിന്യം എന്നിവയുടെ തരംതിരിക്കലും കച്ചവടക്കാർക്ക് കൈമാറുന്ന രീതിയും സംഘം കണ്ടു മനസിലാക്കി. പ്ലാന്റിലുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്റെ പ്രവർത്തനവും നേരിൽ കണ്ടു. ഹരിത കർമ്മസേനയുടെ പ്രവർത്തനവും വിശദീകരിച്ചു. ജൈവ - അജൈവ മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കുന്നതിനും ഹരിത കർമ്മസേന അംഗങ്ങളുടെ വരുമാന വർദ്ധനവിനുമായി വാർഡുകളിലെ വിവാഹം ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ പൊതു ചടങ്ങുകളും ഹരിത ചട്ടങ്ങൾ പാലിച്ച് നടത്തുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങളും പരിശീലനത്തിൽ നൽകി. കില ഇ.ടി.സി പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ കൊല്ലം ജില്ലാ കോ ഓർഡിനേറ്റർ ജി. സുധാകരൻ, തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്റർ എ. ഫെയ്‌സി, ഇ.ടി.സി ഫാക്കൽറ്റി അംഗങ്ങളായ മനോജ് ആർ.എസ്, ഷബിന ബി., ജി.ഇ.ഒ സജീവ്. സി, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്‌സൺ ജയലക്ഷ്മിപിള്ള എന്നിവർ ക്ലാസെടുത്തു. വാർഡുതലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ഹരിത കർമ്മസേനയുടെ പ്രവർത്തനത്തിലെ പ്രായോഗിക പ്രശ്‌നങ്ങൾ, തടസങ്ങൾ എന്നിവ പരിശീലനാർത്ഥികൾ എഴുതി നൽകി. പരിശീലനാർത്ഥികൾ ഉന്നയിച്ച പ്രശ്‌നങ്ങൾ, അഭിപ്രായങ്ങൾ എന്നിവ ക്രോഡീകരിച്ച് പരിഹാര നടപടികൾക്കായി തഴവ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കൈമാറുമെന്ന് കില ഇ.ടി.സി പ്രിൻസിപ്പൽ പറഞ്ഞു. രണ്ടു ദിവസമായി നടന്ന പരിശീലനത്തിൽ 52 പേർ പങ്കെടുത്തു.