അഞ്ചാലുംമൂട്: കൊല്ലം- തേനി, കൊല്ലം- തിരുമംഗലം ദേശീയപാതകളുടെ വികസനത്തിന് ഫണ്ട് ഒരു പ്രശ്നമല്ലെന്നും ഭൂമി ഏറ്റെടുക്കുന്നതാണ് ബുദ്ധിമുട്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. 'അഞ്ചാലുംമൂട് വികസനവും പ്രതീക്ഷയും" എന്ന വിഷയത്തിൽ കേരളകൗമുദി അഞ്ചാലുംമൂട്ടിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമചന്ദ്രൻ. ഭൂമി ലഭ്യമാക്കിയാൽ പണം എത്ര വേണമെങ്കിലും അനുവദിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിക്ക് തുറന്ന മനസാണ്.
കൊല്ലം- തേനി ദേശീയപാത 18 മീറ്റർ വീതിയിലെങ്കിലും വികസിപ്പിക്കാൻ കഴിയണം. അഞ്ചാലുംമൂട് റോഡിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ റോഡിന് വീതി വർദ്ധിപ്പിക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ സ്ഥലം ഏറ്റെടുക്കാൻ കഴിയുന്നില്ല. കൊല്ലം- തിരുമംഗലം ദേശീയപാതാ വികസനത്തിന് 400 കോടി രൂപയുടെ ആക്ഷൻ പ്ളാനാണ് നിതിൻ ഗഡ്കരി അനുവദിച്ചത്. അവിടെയും 18 മീറ്റർ വീതിയിൽ രണ്ട് വരിപ്പാതയായി വികസിപ്പിക്കാനാണ് ശ്രമം.
അഞ്ചാലുംമൂട് വികസനത്തിന്റെ ഭാഗമായി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക്ക് ആക്കി മാറ്റാനും മുന്നിലെ മതിലും ഗേറ്രും പുനർനിർമ്മിക്കാനുമായി എം.പി ഫണ്ടിൽ നിന്ന് 27 ലക്ഷം രൂപ അനുവദിച്ചെങ്കിലും സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ തുക വകമാറ്റി ചെലവിട്ടു. സ്കൂളിന് മുന്നിലെ മതിൽ പൊളിച്ച് ഉള്ളിലേക്ക് കെട്ടിയിരുന്നെങ്കിൽ ആ ഭാഗത്തെ ഗതാഗതക്കുരുക്കെങ്കിലും ഒഴിയുമായിരുന്നു. എന്നാൽ എം.പി ഫണ്ട് സ്കൂളിന്റെ പിന്നിലെ മതിൽ പുനർനിർമ്മിക്കാനാണ് വിനിയോഗിച്ചത്. വികസന വിഷയത്തിൽ സങ്കുചിത രാഷ്ട്രീയം കലർത്തുന്നത് ശരിയായ നടപടിയല്ല. ജനങ്ങളുടെ പണം ജനങ്ങൾക്കായി ചെലവഴിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലർ അഡ്വ.എം.എസ്. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.മുകേഷ് എം.എൽ.എ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് എന്നിവർ മുഖ്യപ്രഭാഷകരായി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡി.എസ്. ബിജു മേഖലയിൽ നടപ്പാക്കേണ്ട ഗതാഗത പരിഷ്കരണത്തെ കുറിച്ച് വിശദീകരിച്ചു. കെ.പി.എ.സി ലീലാകൃഷ്ണൻ, കേരള പ്രതികരണവേദി ജനറൽ സെക്രട്ടറി പി. സുരേന്ദ്രൻ, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി മധുസൂദനൻ, ചരിത്രകാരൻ ടി.ഡി. സാദാശിവൻ, വിമൽബാബു, കേരളകൗമുദി ചന്തക്കടവ് ഏജന്റ് ത്രിദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാർ സ്വാഗതവും അഞ്ചാലുംമൂട് ലേഖകൻ ജെനീഷ് അഞ്ചുമന നന്ദിയും പറഞ്ഞു.
..................................................
അഞ്ചാലുംമൂട് സ്‌കൂളിന് മുമ്പിൽ ഹൈടെക്ക് ബസ് ബേ സ്ഥാപിക്കും. ബസ് ബേ നിർമ്മിക്കുന്നതിന്റെ ആവശ്യകത കേരളകൗമുദി ചൂണ്ടിക്കാട്ടിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനായി റവന്യൂ, വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ യോഗം വിളിച്ചുചേർക്കാൻ ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ചാലുംമൂടിനെ കൊല്ലം മണ്ഡലത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ ഉണ്ടാകും.അഞ്ചാലുംമൂട് സ്‌കൂളിന് മുമ്പിലുള്ള തൃക്കടവൂർ വില്ലേജ് ഓഫീസ് മാറ്റിസ്ഥാപിക്കും. സ്‌കൂൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് സ്‌കൂളിന്റെ സ്ഥലം കൂടി ഏറ്റെടുത്തുകൊണ്ട് യാത്രാ സൗഹൃദവും സൗകര്യപ്രദവുമായ രീതിയിൽ തന്നെയായിരിക്കും ബസ്‌ബേ നിർമ്മിക്കുക. അതിനായി തുക മാറ്റിവച്ചിട്ടുണ്ട്.
എം. മുകേഷ് എം.എൽ.എ
അഞ്ചാലുംമൂടിന്റെ വികസനത്തിനായി കോർപ്പറേഷൻ തുക മാറ്റിവച്ചിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾ സാദ്ധ്യമാകണമെങ്കിൽ വ്യാപാരികളും പൊതുസമൂഹവും രാഷ്ട്രീയ പ്രവർത്തകരുമെല്ലാം ഒന്നിക്കേണ്ടത് അനിവാര്യമാണ്. അതിന് മുന്നിട്ടിറങ്ങിയ കേരളകൗമുദിയുടെ പ്രവർത്തനം പ്രശംസാർഹമാണ്. ഏവരെയും ഒന്നിച്ചുനിർത്തി വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കേരളകൗമുദി മുന്നിട്ടിറങ്ങണം. ചർച്ചകളിലൂടെയുള്ള വികസന നിർദ്ദേശങ്ങൾ കോർപ്പറേഷൻ അനുഭാവപൂർവ്വം പരിഗണിച്ച് നടപടി സ്വീകരിക്കും.
വിജയാഫ്രാൻസിസ്, ഡെപ്യൂട്ടി മേയർ
നാല് വർഷം മുമ്പ് കൊല്ലം കോർപ്പറേഷനിൽ ലയിപ്പിച്ച ശേഷം തൃക്കടവൂർ പഞ്ചായത്ത് മേഖലയിൽ കാതലായ മാറ്റങ്ങൾ വന്നിട്ടില്ല. ബസ്‌ബേ, ലോറി, ടാക്സി സ്റ്റാൻഡുകൾ തുടങ്ങിയവയും റോഡ് വികസനവും സാദ്ധ്യമാകണം. കൊല്ലം നിയമസഭാ മണ്ഡലത്തിന്റെ ഹൃദയഭാഗമായ അഞ്ചാലുംമൂട് വികസനം എന്നത് കാലത്തിന്റെ ആവശ്യകതയാണ്
അഡ്വ.എം.എസ്. ഗോപകുമാർ , അഞ്ചാലുംമൂട് ഡിവിഷൻ കൗൺസിലർ
അഞ്ചാലുംമൂട് ജംഗ്‌ഷനിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ വെർട്ടിക്കൽ പാർക്കിംഗ് ഒഴിവാക്കി ക്യൂ സമ്പ്രദായം ആരംഭിക്കുകയും ടാക്സി, ലോറി സ്റ്റാൻഡുകൾ സ്ഥാപിക്കുകയും ചെയ്താൽ ജംഗ്‌ഷനിൽ കുറച്ചുകൂടി സ്ഥലം പ്രയോജനപ്പെടുത്താൻ സ്ഥാപിക്കും. ഹൈസ്‌കൂൾ ജംഗ്‌ഷൻ മുതൽ അഞ്ചാലുംമൂട് വരെയുള്ള ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുന്നതിനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കും
ഡി.എസ്. ബിജു, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, കൊല്ലം