photo
കാത്തിരുപ്പ് കേന്ദം ഇല്ലാത്ത വള്ളിക്കാവ് ജംഗ്ഷൻ

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായ വള്ളിക്കാവ് ജംഗ്ഷനിൽ യാത്രക്കാർക്കായി കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. നാട്ടുകാരുടെ ഈ ആവശ്യത്തിന് കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യത്തോട് ഗ്രാമ പഞ്ചായത്ത് അധികൃതർ പുറംതിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. മഴ സീസണിലാണ് യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നത്. ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ മഴ കനത്താൽ കടത്തിണ്ണകളെയാണ് ആശ്രയിക്കുന്നത്. ഇത് കടക്കാർക്കും പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.

സ്ഥല പരിമിതി

നിരവധി കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും ജംഗ്ഷിൽ പ്രവർത്തിക്കുന്നു. ജംഗ്ഷനിലെ സ്ഥല പരിമിതിയാണ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കാൻ തടസമാകുന്നതെന്നാണ് അധികൃതർ പറയുന്നത്. ചെറുതെങ്കിലും യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ കയറി നിൽക്കാൻ കഴിയുന്ന തരത്തിൽ വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തീർത്ഥാടകരും വിദ്യാർത്ഥികളും

ലോക തീർത്ഥാടന കേന്ദ്രമായ അമൃതപുരിയിലേക്ക് തീർത്ഥാടകർ വന്ന് പോകുന്നത് വള്ളിക്കാവിൽ ബസ് ഇറങ്ങിയാണ്. നൂറ് കണക്കിന് തീർത്ഥാടകരാണ് ദിനംപ്രതി ഇതു വഴി കടന്ന് പോകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളായ അമൃത എൻജിനിയറിംഗ് കോളേജ്, അമൃതാ ആയുർവേദ കോളേജ്, എം.ബി.എ കോളേജ്, ബയോ ടെക്നോളജി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകാനായി നിരവധി വിദ്യാർത്ഥികളാണ് വള്ളിക്കാവ് ജംഗ്ഷനിലെത്തുന്നത്. ഇവിടെ കാത്തിരുപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്.