mutta

 പുതിയ സ്വപ്നവുമായി കെപ്കോ പൗൾട്രി ഫാം

കൊല്ലം: കേരള പൗൾട്രി ഡെവല്പ്മെന്റ് കോർപ്പറേഷന്റെ(കെപ്കോ) കൊട്ടിയം ഫാമിൽ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ ഉല്പാദനം പ്രതിമാസം മുക്കാൽ ലക്ഷമായി ഉയർത്താൻ ആലോചന. ഇതിനായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചു. നിലവിൽ പ്രതിമാസം ശരാശരി 40000 കോഴിക്കുഞ്ഞുങ്ങളെയാണ് വിരിയിക്കുന്നത്. വിരിയുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ വാക്സിനുകൾ നൽകി കർഷകർക്ക് വിതരണം ചെയ്യും. നിലവിൽ മൂന്ന് ഷെഡുകൾ മാത്രമാണ് കുഞ്ഞുങ്ങളെ വളർത്താനുള്ളത്. ആറ് മാസത്തിനുള്ളിൽ ഒരു ഷെഡിന്റെ കൂടി നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രതിമാസ ഉല്പാദനം അരലക്ഷമായി ഉയരും. പുതുതുതായി രണ്ട് ഷെഡുകൾ കൂടി നിർമ്മിച്ചാകും ഉല്പാദനം മുക്കാൽ ലക്ഷത്തിലേക്ക് ഉയർത്തുക.

രണ്ട് വർഷം മുമ്പ് പക്ഷിപ്പനി പടർന്ന് പിടിച്ചതിന് ശേഷം ഫാമിൽ താറാവ് ഉല്പാദനം മന്ദഗതിയിലാണ്. ഇപ്പോൾ പ്രതിമാസം പതിനായിരത്തിൽ താഴെയാണ് താറാവ് ഉല്പാദനം. താറാവ് ഉല്പാദനം പഴയനിലയിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേസമയം രണ്ടര ഏക്കറോളം വിസ്തൃതിയുള്ള ഫാം വൈവിദ്ധ്യവൽക്കരണത്തിലൂടെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ലെന്ന ആരോപണവുമുണ്ട്.

'' കൊട്ടിയം ഫാമിലെ ഉല്പാദനം പരമാവധി ഉയർത്താനുള്ള ശ്രമം നടന്നുവരികയാണ്. ഷെഡുകൾ തമ്മിൽ നിശ്ചിത അകലം ആവശ്യമാണ്. നിലവിലുള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിയാണ് ഫാം പ്രവർത്തിക്കുന്നത്.''

ഡോ. വിനോദ് (കെപ്കോ എം.ഡി)