കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെയും എഴുകോൺ, കാരുവേലി കുമാരമംഗലം, കാരുവേലി 829, കാരുവേലി ശിവമംഗലം, അമ്പലത്തുംകാല, ഇടയ്ക്കോട്, ചൊവ്വള്ളൂർ, കാക്കക്കോട്ടൂർ ശാഖകളുടെയും സംയുക്താഭിമുഖ്യത്തിൽ എഴുകോണിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനത്തിന്റെയും ധ്യാനത്തിന്റെയും ഭാഗമായുള്ള പീതാംബര ദീക്ഷ നൽകൽ ചടങ്ങ് ഭക്തിനിർഭരമായി. കാരുവേലി ശിവമംഗലം 2118ാം നമ്പർ ശാഖാമന്ദിരത്തിൽ നിന്ന് തുടങ്ങിയ ചടങ്ങ് കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. വിവിധ ശാഖകളിൽ നടന്ന ചടങ്ങുകളിൽ യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ, യൂണിയൻ കൗൺസിലർമാരായ വി. അനിൽകുമാർ, സി. ശശിധരൻ, യോഗം ബോർഡ് മെമ്പർ എൻ. രവീന്ദ്രൻ, രാധാകൃഷ്ണൻ, ടി. സജീവ് എന്നിവർ നേതൃത്വം നൽകി. യജ്ഞശാന്തി ഡി. ശിശുപാലൻ ഭക്തർക്ക് പീതാംബര ദീക്ഷ കൈമാറി. എസ്.എൻ.ഡി.പി യോഗം കാരുവേലി കുമാരമംഗലം, കാരുവേലി 829, ഇടയ്ക്കോട്, അമ്പലത്തുംകാല, കാക്കക്കോട്ടൂർ, ചൊവ്വള്ളൂർ ശാഖകളിൽ യൂണിയൻ ഭാരവാഹികളും യജ്ഞ ശാന്തിയും എത്തി ദീക്ഷ കൈമാറിയ ശേഷം വൈകിട്ടോടെ എഴുകോൺ ശാഖാമന്ദിരത്തിലെത്തി. ഗുരുമന്ദിരത്തിലെ പൂജകൾക്ക് ശേഷം നൂറ്റമ്പത് ഭക്തർക്ക് പീതാംബര ദീക്ഷ കൈമാറി. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി ജി. വിശംഭരൻ, യോഗം ബോർഡ് മെമ്പർ എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് എഴുകോൺ രാജ്മോഹൻ, സെക്രട്ടറി ടി. സജീവ്, യൂണിയൻ കമ്മിറ്റി അംഗം വി. മന്മഥൻ, സ്നേഹലാൽ, അനിൽകുമാർ, ശിവനാമം അനിൽ, പ്രസന്ന തമ്പി, സീന ശ്രീകുമാർ, രമാ ലാലി, സുധർമ്മ മോഹൻ, പ്രിഥ്വിരാജ് എന്നിവർ നേതൃത്വം നൽകി. 19 മുതൽ 22 വരെ എഴുകോൺ ഗ്രാമ പഞ്ചായത്ത് ഹാളിലാണ് ദിവ്യപ്രബോധനവും ധ്യാനവും നടക്കുന്നത്. ശിവഗിരി മഠത്തിൽ സ്വാമി സച്ചിതാനന്ദയുടെ മുഖ്യകാർമ്മികത്വത്തിലാണ് യജ്ഞം നടക്കുന്നത്. 19ന് വൈകിട്ട് 3ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യജ്ഞത്തിന് ഭദ്രദീപ പ്രകാശനം നടത്തും.