mercy
മറൈൻ പ്ലൈ​വു​ഡ് വ​ള്ള​ങ്ങൾ​ക്ക് പക​രം ഫൈ​ബർ ഗ്ലാ​സ് വള്ള​ങ്ങൾ നൽ​കു​ന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാന​ത​ല ഉ​ദ്​ഘാട​നം മന്ത്രി ജെ. മേ​ഴ്‌​സി​ക്കു​ട്ടി​അ​മ്മ നിർ​വ​ഹി​ക്കു​ന്നു

കൊല്ലം: മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം പൂർണമായും തൊഴിലാളികൾക്ക് ഉറപ്പാക്കുന്നതിനുള്ള നടപടികൾക്കാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. മറൈൻ പ്ലൈവുഡ് വള്ളങ്ങൾക്ക് പകരം ഫൈബർ ഗ്ലാസ് വള്ളങ്ങൾ നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി തിരഞ്ഞെടുക്കുന്ന ഗ്രൂപ്പുകൾക്ക് മത്സ്യബന്ധന ഉപകരണങ്ങൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്നതിന് പദ്ധതി രൂപീകരിക്കും. ഇതിനായി നബാർഡുമായി ആശയ വിനിമയം നടത്തിക്കഴിഞ്ഞു. വിവിധ ദേശസാൽകൃത ബാങ്കുകളും സഹകരണ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇരുപതോ മുപ്പതോ പേരടങ്ങുന്ന ഗ്രൂപ്പിന് പൊതുവിലാണ് വായ്പ ലഭ്യമാക്കുക. ആസ്തി ബാദ്ധ്യതകളുടെ ഉത്തരവാദിത്വം ഒരു വള്ളത്തിൽ പോകുന്ന തൊഴിലാളികൾ ഒരുപോലെ പങ്കിടുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽ നിന്നും കടക്കെണിയിൽ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം.
ലേലത്തിൽ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി മത്സ്യഫെഡ് നേരിട്ട് മത്സ്യം സംഭരിക്കുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ മാറണം. ലേലക്കാരുടെ ദയാദാക്ഷണ്യത്തിന് തൊഴിലാളികളെ വിട്ടുകൊടുക്കാൻ ആകില്ല. മത്സ്യഫെഡ് എടുക്കുന്ന മത്സ്യം നേരിട്ട് മാർക്കറ്റിൽ എത്തിക്കാനാകും. ഇതിനു സഹായകമായി തങ്കശ്ശേരിയിലും കരിക്കോട് മാർക്കറ്റിലും പ്രീ പ്രോസസിങ് സെന്ററുകൾ ആരംഭിക്കാനും ആലോചനയുണ്ട്.
11 മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ വള്ളങ്ങൾ നിർമിക്കുന്നതിനുള്ള ഉത്തരവ് വാടിയിൽ നടന്ന ചടങ്ങിൽ മന്ത്രി കൈമാറി. ഒരു യൂണിറ്റിന് രണ്ട് ലക്ഷം രൂപ ക്രമത്തിൽ 200 യാനങ്ങളാണ് 40 ശതമാനം സബ്‌സിഡിയോടെ നൽകുന്നത്. വിവിധ പദ്ധതികളിലായി 1.8 കോടി രൂപയുടെ ധനസഹായവി തരണവും നടന്നു.
എം മുകേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് മേയർ വിജയ ഫ്രാൻസിസ് മൈക്രോ ഫിനാൻസ് വായ്പ വിതരണം നടത്തി. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേശപതി, മത്സ്യഫെഡ് എം.ഡി ഡോ. ലോറൻസ് ഹാരോൾഡ്, ഡയറക്ടർമാരായ ജി. രാജാദാസ്, സബീന സ്റ്റാൻലി, ഫിഷറീസ് സർവകാലശാല ഭരണസമിതി അംഗം എച്ച്. ബെയ്‌സിൽ ലാൽ, കൗൺസിലർ ഷീബ ആന്റണി, ജോയിന്റ് ഡയറക്ടർ ശ്രീകണ്ഠൻ, ഡെപ്യൂട്ടി ഡയറക്ടർ പി. ഗീതാകുമാരി, സംഘടന നേതാക്കളായ എ. അനിരുദ്ധൻ, കെ. രാജീവൻ, ബിജു ലൂക്കോസ്, പി.ജയപ്രകാശ്, ജി. ശാന്തകുമാർ തുടങ്ങിയവർ സംസാരിച്ചു.