കൊല്ലം: ചർച്ച് ആക്ടിന്റെ പേരിൽ നടക്കുന്ന കോലാഹലം അവസാനിപ്പിക്കണമെന്നും ആക്ടിൽ സമുദായത്തിന്റെ നന്മ ആഗ്രഹിക്കുന്നില്ലെന്നും കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ലത്തീൻ കത്തോലിക്കാ സമുദായ ദിനത്തിന്റെ ഭാഗമായി നടന്ന കെ.ആർ.എൽ.സി.സി നീതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് പാർലമെന്റിൽ സംവരണം നിലനിറുത്തണം. രാഷ്ട്രീയനേതാക്കൾ വാഗ്ദാനങ്ങൾ മാത്രം നൽകി ലത്തീൻ സമുദായത്തെ വഞ്ചിക്കുകയാണ്. മത്സ്യതൊഴിലാളികളുടെ കാര്യത്തിൽ പരിഹാരത്തിനായി ആരും ഇടപെടുന്നില്ല. കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന വ്യതിയാനം മത്സ്യതൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്നു. ഇവർ എങ്ങനെ ജീവിക്കുന്നുവെന്ന് ആർക്കും ഉത്തരമില്ല. ലത്തീൻ സമുദായത്തിന്റെ നീതിക്കായുള്ള അധികാരപങ്കാളിത്തം ആവശ്യമായി മാറിയെന്നും ഡോ. ജോസഫ് കരിയിൽ പറഞ്ഞു.
കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യപ്രഭാഷണം നടത്തി. നെയ്യാറ്റിൻകര രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. എം. വിൻസന്റ് എം.എൽ.എ, കെ.എൽ.സി.എ പ്രസിഡന്റ് ആന്റണി നൊറോണ, ഫാ. ജോർജ് സെബാസ്റ്റ്യൻ, ബെന്നി പാപ്പച്ചൻ, എൻ. ദേവദാസ്, ജെയിൻ ആൻസിൽ ഫ്രാൻസീസ്, അജിത് കെ. തങ്കച്ചൻ, തോമസ് കുരിശിങ്കൽ, ആന്റണി ആൽബർട്ട്, സ്മിത ബിജോയി, അനിൽജോൺ എന്നിവർ സംസാരിച്ചു.