firos-babu-41
ഫിറോസ്ബാബു

ചാത്തന്നൂർ: അമിതവേഗതയിൽ വന്ന കാർ ബൈക്കിന്റെ പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ. ചാത്തന്നൂർ താഴംതെക്ക് സ്വർണ്ണലയത്തിൽ ബാബുവിന്റെ മകൻ ഫിറോസ്ബാബുവാണ് (41) മരിച്ചത്. ഇന്നലെ പകൽ 2.30ന് ദേശീയ പാതയിലെ കാരംകോട് ജെ.എസ്.എം ജംഗഷന് സമീപത്തായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്ത് നിന്നുവന്ന ഫിറോസിന്റെ ബൈക്കിന് പിന്നിൽ കാറിടിക്കുകയായിരുന്നു.

ഇതിന്റെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലും തുടർന്ന് നിലത്തും വീണ ഫിറോസിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. കാറിൽ കുരുങ്ങിയ ഫിറോസിനെയും കൊണ്ട് മുന്നോട്ടുനീങ്ങിയ കാർ പതിനഞ്ചു മീറ്റർ കഴിഞ്ഞാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ ഫിറോസിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേങ്കിലും മരിച്ചിരുന്നു. ചാത്തന്നൂർ പോലീസ് കേസെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ. കെ.എസ്.ആർ.ടി. സി കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറാണ് ഫിറോസ്. സ്വർണ്ണമ്മ മാതാവാണ്. ഭാര്യ: മായ, മക്കൾ: അഭിജിത്, അഭിനവ്.