കരുനാഗപ്പള്ളി:നൂറുകണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർക്ക് സമയനിഷ്ഠയില്ലെന്ന് പരാതി. ഒ.പി വിഭാഗത്തിലാണ് ഡോക്ടർമാർ കൃത്യസമയത്ത് എത്തിച്ചേരാത്തതിനാൽ രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കാത്തത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ലയിലെ മികച്ച താലൂക്ക് ആശുപത്രികളിലെന്നാണ് കരുനാഗപ്പള്ളി.
രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം രോഗികൾക്കുള്ള ടോക്കൺ കൗണ്ടറുകൾ 8 മണിക്ക് പ്രവർത്തനം ആരംഭിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം ഉൾപ്പെടെ 5 ടോക്കൺ കൗണ്ടറുകളാണ് നിലവിലുള്ളത്. രോഗികൾ രാവിലെ തന്നെ എത്തി കാണേണ്ട ഡോക്ടറുടെ പേര് രേഖപ്പെടുത്തിയ ടോക്കണുമായി ഒ.പി വിഭാഗത്തിന്റെ മുന്നിൽ പോയി കാത്തിരിക്കും. ഇവിടെ മുതലാണ് ഇവരുടെ ശനിദശ ആരംഭിക്കുന്നത്.
രാവിലെ 8.30 ഓടെ എത്തുന്ന ഡോക്ടർമാരിൽ പലരും വാർഡുകളിലെ രോഗികളെ പരിശോധിച്ച നേരെ വിശ്രമമുറിയിലേക്കാണ് പോകുന്നതെന്നാണ് ആരോപണം. എറെ നേരം കഴിഞ്ഞാണ് ഇവർ ഒ.പി വിഭാഗത്തിൽ തിരിച്ചെത്തുക. ഇതാണ് രോഗികളെ വലയ്ക്കുന്നത്. ഇക്കാരണത്താൽ പലദിവസങ്ങളിലും ആശുപത്രിയിൽ രോഗികൾ പ്രതിഷേധിക്കാറുണ്ട്.
അപ്രഖ്യാപിത അവധിയും തിരിച്ചടി
ഡോക്ടർമാർ അവധിയിൽ പോകുന്നത് മുൻകൂട്ടി അറിയിക്കാത്തതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്താൻ സാധിക്കാത്തതും ഒരു പ്രധാന പ്രശ്നമാണ്. രോഗികൾ ഒ.പി വിഭാഗത്തിന് മുന്നിൽ കാത്തിരിക്കുമ്പോഴായിരിക്കും ഡോക്ടർ അവധിയാണെന്ന വിവരം ബന്ധപ്പെട്ടവർ അറിയിക്കുന്നത്. കൈയ്യിലുള്ള ടോക്കണുമായി മറ്റ് ഡോക്ടർമാരുടെ കാബിനിൽ എത്തിയാൽ വേണ്ടത്ര പരിഗണന ലഭിക്കാറുമുല്ലെന്ന പരാതിയും വ്യാപകമാണ്.
താലൂക്കിലെ ഫസ്റ്റ് റഫറൽ ആശുപത്രി
കരുനാഗപ്പള്ളി താലൂക്കിലെ ഫസ്റ്റ് റെഫറൽ ആശുപത്രിയണിത്. കായംകുളത്തു നിന്നും കുന്നത്തൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി രോഗികൾ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ട്. ഡോക്ടർമാർ സമയ ക്ളിപതത പാലിച്ചാൽ നിലവിലുള്ള പരാതികൾക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
1500ൽ അധികം രോഗികകൾ
സ്ഥിരം ഡോക്ടർമാർ:18
ആശുപത്രി വികസന കമ്മിറ്റി നിയമിച്ചത്: 7പേരെ