കൊല്ലം: ലിനറ്റിന്റെ കൂടെ മകൾ പതിവായി പോകുമ്പോഴും അമ്മ മനസിന് വേവലാതികളുണ്ടായിരുന്നില്ല. അവളുടെ മാമിയാണല്ലോ! പക്ഷേ, വാണിഭത്തിനാണ് മാമി ആ പതിനേഴുകാരിയെ കൊണ്ടുപോയിരുന്നതെന്ന് അറിഞ്ഞപ്പോഴാണ് ആ അമ്മ ശരിക്കും ഞെട്ടിയത്. തന്റെ അനിയത്തി സബിതയും അതിനൊപ്പമുണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോഴേക്കും അതിന്റെ ആഘാതം താങ്ങാൻ ആ അമ്മയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
കൊല്ലം അഞ്ചാലുംമൂട്ടിൽ പതിനേഴുകാരിയെ പെൺവാണിഭത്തിന് ഉപയോഗിച്ച സംഭവത്തിലെ പിന്നാമ്പുറ കഥകൾ ഓരോന്നായി പുറത്തുവരുമ്പോൾ നാട്ടുകാരും മൂക്കത്ത് വിരൽവയ്ക്കുകയാണ്. സ്വന്തം കുഞ്ഞമ്മയ്ക്കും മാമിക്കും പ്രായപൂർത്തിയാകാത്ത ആ പെൺകുട്ടിയെ ഇങ്ങനെ പരപുരുഷൻമാർക്ക് കാഴ്ചവയ്ക്കാൻ കഴിയുമോ?തുടർച്ചയായി പതിനേഴ് ദിവസമാണ് പെൺകുട്ടിയെ നരാധമൻമാർ പീഡിപ്പിച്ചത്.
സംഭവം ഇങ്ങനെ
പെൺകുട്ടി പ്ലസ് വണ്ണിൽ വച്ച് പഠനം നിറുത്തിയതാണ്. ചേച്ചിയെ വിവാഹം ചെയ്തയച്ചു. വീട്ടിൽ അമ്മയും മകളും മാത്രമായി. മാമന്റെ ഭാര്യ ലിനറ്റ് മിക്കപ്പോഴും വീട്ടിലെത്താറുണ്ട്. ഒരിക്കൽ പെൺകുട്ടി കുളിച്ചപ്പോൾ ലിനറ്റ് ആ ദൃശ്യങ്ങളൊക്കെ മൊബൈലിൽ പകർത്തി. ഫേസ്ബുക്കിലും മറ്റും ദൃശ്യങ്ങൾ ഇടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടി ആദ്യമൊഴിയിൽ പറഞ്ഞത്.
പിന്നീട് കുരീപ്പുഴ ഡിപ്പോ പുരയിടത്തിന് സമീപത്തേക്ക് മാമി താമസം മാറിയപ്പോൾ പെൺകുട്ടി അവിടെ നിത്യ സന്ദർശകയായി. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി തരപ്പെടുത്തിയെന്ന രീതിയിൽ കുട്ടി വീട്ടിൽ അറിയിച്ചു. ജോലിക്കെന്ന രീതിയിൽ വീട്ടിൽ നിന്ന് ഇറങ്ങി മാമിയുടെ അടുത്തെത്തും. കഴിഞ്ഞ ഒക്ടോബറിൽ മാമിക്കൊപ്പം ഓട്ടോയിൽ കരുനാഗപ്പള്ളിക്ക് തിരിച്ചു. അവിടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സിൽവർ പ്ലാസ് ലോഡ്ജിൽ എത്തിയപ്പോൾ ലോഡ്ജ് ഉടമ ചവറ പന്മന നടുവത്തുചേരി കൈപ്പള്ളി വീട്ടിൽ നജീം (43), ജീവനക്കാരായ പാവുമ്പ മണപ്പള്ളി വടക്ക് കിണറുവിള വീട്ടിൽ പ്രദീപ് (33), പാവുമ്പ തറയിൽ വീട്ടിൽ റിനു (33) എന്നിവർ അടുത്തുകൂടി. വിശേഷങ്ങൾ ചോദിച്ച് മാമിയുമായി കൂട്ടുകൂടിയവർ ഓരോരുത്തരും പെൺകുട്ടിയെ വറുതിയിലാക്കി.
അന്വേഷിച്ചു കണ്ടെത്തി
രണ്ടാം തവണയും ഇതേ ലോഡ്ജിലേക്ക് എത്തിയപ്പോൾ പുറമേ നിന്ന് പലരും വന്നിരുന്നു. ഇവരുടെ വിവരങ്ങൾ പെൺകുട്ടിക്ക് വ്യക്തമല്ല. അമ്മയുടെ അനിയത്തി സബിതയും മാമിക്കൊപ്പം ചേർന്നതോടെയാണ് പെൺവാണിഭം വിപുലീകരിക്കാൻ തീരുമാനിച്ചത്. പിന്നീട് മയ്യനാട് പുല്ലിച്ചിറ പള്ളിക്ക് സമീപം വീട് വാടകയ്ക്ക് എടുത്ത് ഹോം സ്റ്റേ നടത്തിവന്ന കരിക്കോട് മങ്ങാട് കിണറുവിള കിഴക്കതിൽ ഷിജു (35), തിരുവനന്തപുരം പള്ളിക്കൽ പാറയിൽ പടിഞ്ഞാറെപ്പുര വീട്ടിൽ മിനി (33) എന്നിവരുടെ അടുത്ത് പെൺകുട്ടിയെത്തി. ഇവിടെ ദിവസങ്ങളോളം പലരും വന്നുപോയി.
മാമിയും കുഞ്ഞമ്മയും നൽകുന്ന പണം പെൺകുട്ടി വീട്ടിൽ ഏൽപ്പിച്ചു. നവംബർ 9ന് കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെന്ന് പറഞ്ഞ് രാവിലെ പോയ പെൺകുട്ടി രാത്രിയിൽ തിരിച്ചെത്താഞ്ഞതിനെതുടർന്ന് അമ്മ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാമിയും കുഞ്ഞമ്മയും ചേർന്ന് നടത്തിയ വൻപെൺവാണിഭത്തിന്റെ കഥകൾ ചുരുളഴിഞ്ഞത്.
#അറസ്റ്റിലായത് ഏഴുപേർ
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുഞ്ഞമ്മ സബിത, മാമി ലിനറ്റ് (ഷൈനി), ഹോംസ്റ്റേ നടത്തിപ്പുകാരായ ഷിജു, മിനി, കരുനാഗപ്പള്ളിയിലെ ലോഡ്ജ് ഉടമ ചവറ പന്മന നടുവത്തുചേരി കൈപ്പള്ളി വീട്ടിൽ നജീം (43), ജീവനക്കാരായ പാവുമ്പ മണപ്പള്ളി വടക്ക് കിണറുവിള വീട്ടിൽ പ്രദീപ് (33), പാവുമ്പ തറയിൽ വീട്ടിൽ റിനു (33) എന്നിവരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലാണ്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുന്നതോടെ പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് പറയുന്നു.
34 ദിവസം തുടർച്ചയായി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പതിന്നാലുപേരെപ്പറ്റി സൂചനകൾ ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിലൂടെ മാമ്രേ പ്രതികളുടെ പൂർണ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.
മാമിയുടെ സ്വപ്നങ്ങൾ
പെൺകുട്ടിയുടെ മാമന്റെ ഭാര്യയായ ലിനറ്റ് നേരത്തേതന്നെ പെൺവാണിഭക്കേസുകളിൽ കണ്ണിയാണ്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷമാണ് പെൺകുട്ടിയുടെ മാമനൊപ്പം ചേർന്നത്. മൂന്ന് മാസമായി മാമനുമായി അകന്ന് നിൽക്കുകയാണിവർ. ഇടയ്ക്ക് കുട്ടിയുടെ വീട്ടിൽ താമസിച്ചപ്പോഴായിരുന്നു കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ആദ്യതവണ ലോഡ്ജിലെത്തിച്ചതോടെ ലിനറ്റ് വലിയ സ്വപ്നങ്ങൾ കണ്ടു. അങ്ങനെയാണ് ഹോം സ്റ്റേയിൽ എത്തിയത്.