snd
വിളക്കുവെട്ടം ശാഖയിൽ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാസച്ചിട്ടിയുടെ നറുക്കെടുപ്പ് ശാഖാ സെക്രട്ടറി എസ്. കുമാർ നിർവഹിക്കുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം 808-ാം നമ്പർ വിളക്കുവെട്ടം ശാഖയിലെ വനിതാസംഘം പ്രവർത്തകർ സാമ്പത്തിക ഭദ്രത കൈവരിക്കാൻ ആരംഭിച്ച പ്രതി മാസച്ചിട്ടികൾ നാടിന് മാതൃകയാകുന്നു. ശാഖയിലെ വനിത സംഘത്തിലെ 20 അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ഒരു ഗ്രൂപ്പിൻെറ നേതൃത്വത്തിലാണ് മാസച്ചിട്ടി ആരംഭിച്ചത്. ഇനി വനിതാ സംഘത്തിന്റെ കൂടുതൽ ഗ്രൂപ്പുകളെ ഉൾപ്പെടുത്തി ചിട്ടി വിപുലപ്പെടുത്തുമെന്ന് ശാഖാ സെക്രട്ടറി എസ്. കുമാർ അറിയിച്ചു. ആദ്യ ഘട്ടം 10,000 രൂപയുടെ ഒരു നമ്പർ ചിട്ടിയാണ് ആരംഭിച്ചിരിക്കുന്നത്. ഒരാൾ 500രൂപ തവണയായി അടയ്ക്കും. ഉടൻ തന്നെ ചിട്ടിയുടെ ഞറുക്കിട്ട് കുറിയെടുക്കും. കുറി വീഴുന്നയാൾക്ക് മുഴുവൻ തുകയും ഉടൻ നൽകുന്ന പദ്ധതിയാണ് ശാഖയിൽ ആരംഭിച്ചത്. വീത പലിശയോ, നോട്ട കൂലിയോ വാങ്ങാതെയാണ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസച്ചിട്ടി തുടങ്ങിയത്. എല്ലാ മാസത്തെയും ഞായറാഴ്ച നടത്തുന്ന സമൂഹ പ്രാർത്ഥനയ്ക്ക് ശേഷമാകും ചിട്ടിയുടെ കുറിയിടുന്നത്. ഈ ഞായറാഴ്ച ചിട്ടി അടിച്ചത് തേക്കുംകാട്ടിൽ വീട്ടിൻ ജിനിക്കാണ്. ശാഖാ സെക്രട്ടറി എസ്. കുമാറാണ് ചിട്ടിയുടെ ഞറുക്കിട്ടത്. ശാഖാ പ്രസിഡന്റ് ബി. അജി, പഞ്ചായത്ത് കമ്മിറ്റി അംഗം രത്നാകരൻ, വനിതസംഘം ശാഖാ പ്രസിഡന്റ് സുകേശിനി ഗോപിനാഥൻ, സെക്രട്ടറി ഷൈലജാ മോഹനൻ, എക്സിക്യൂട്ടീവ് അംഗം കലാപ്രസാദ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് ഞറുക്കിടീൽ നടന്നത്.