kollam-corporation
കൊല്ലം കോർപ്പറേഷൻ

കൊല്ലം: തെരുവ് വിളക്ക് പരിപാലനം കാര്യക്ഷമമായി നടക്കുന്നില്ലെന്നാരോപിച്ച് സി.പി.ഐ കൗൺസിലർ അദ്ധ്യക്ഷയായ മരാമത്ത് സ്ഥിരം സമിതിക്കെതിരെ സി.പി.എം അംഗങ്ങൾ കൗൺസിൽ യോഗത്തിൽ രൂക്ഷമായ വിമർശനം ഉയർത്തി. ഭരണപക്ഷത്ത് നിന്നുയർന്ന വിമർശനത്തെ പ്രതിപക്ഷം പ്രോത്സാഹിപ്പിച്ചപ്പോൾ സ്ഥിരം സമിതി അദ്ധ്യക്ഷയെ ലക്ഷ്യം വച്ചുള്ള വിമർശനങ്ങൾ ഒഴിവാക്കണമെന്ന വാദവുമായി സി.പി.ഐ കൗൺസിലർമാർ രംഗത്തെത്തി.

മണക്കാട് കൗൺസിലർ സി.പി.എമ്മിന്റെ എൻ. സഹൃദയനാണ് ആദ്യം വിമർശനം ഉയർത്തിയത്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ തന്നെ ജനങ്ങൾ വഴിയിൽ തടഞ്ഞുനിറുത്തുകയാണെന്നും മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയുടെ ശ്രദ്ധയിൽ ഇക്കാര്യം പലതവണ കൊണ്ടുവന്നിട്ടും യാതൊരു ഫലവും ഉണ്ടാകുന്നില്ലെന്നും സഹൃദയൻ പറഞ്ഞു. സി.പി.എം കൗൺസിലർ സന്ധ്യ ബൈജുവും സമാനമായ കാര്യം ആവർത്തിച്ചു.

യു.ഡി.എഫ് കൗൺസിലർമാരായ എസ്. മീനാകുമാരി, അജിത്ത്കുമാർ, റീന സെബാസ്റ്റ്യൻ എന്നിവരും മരാമത്ത് സ്ഥിരം സമിതിക്കെതിരെ രംഗത്തെത്തി. വിമർശനമുയർത്തുന്ന യു.ഡി.എഫ് കൗൺസിലർമാരുടെ ഡിവിഷനുകളിലെ ഭൂരിഭാഗം വിളക്കുകളും തെളിയിച്ചിട്ടുണ്ടെന്ന മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ചിന്ത എൽ. സജിത്തിന്റെ മറുപടി സി.പി.എം കൗൺസിലർമാരെ വീണ്ടും ചൊടിപ്പിച്ചു. യു.ഡി.എഫ് കൗൺസിലർമാരുടെ ഡിവിഷനുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന അദ്ധ്യക്ഷ ഭരണപക്ഷ ഡിവിഷനുകളെ അവഗണിക്കുകയാണെന്നും സി.പി.എം കൗൺസിലർമാർ ആരോപിച്ചു.

ഏറ്റവുമൊടുവിൽ സി.പി.എമ്മിന്റെ വികസന സ്ഥിരം സമിതി അദ്ധ്യക്ഷനായ എം.എ. സത്താറും മരാമത്ത് സ്ഥിരം സമിതിയെ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പുതിയ ലൈറ്റുകൾ വാങ്ങുകയാണ്. കേടായവ മാറ്റാനെന്ന പേരിലാണ് പുതിയത് വാങ്ങുന്നത്. പുതുതായി വാങ്ങിയിട്ടവ തന്നെ വീണ്ടും മാറ്റുകയാണോ എന്ന സംശയം ഉയരുന്നു. അഞ്ച് വർഷത്തെ ഗാരണ്ടിയിലാണ് ലൈറ്റുകൾ വാങ്ങുന്നത്. പുതുതായി തെരുവ് വിളക്കുകൾ വാങ്ങാനുള്ള അജണ്ടയും ബില്ലുകളും അംഗീകരിക്കില്ലെന്നും സത്താർ പറഞ്ഞു.

ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് 20ന് മുമ്പായി പള്ളികൾക്ക് സമീപത്തെയും തീരദേശത്തെയും എല്ലാ തെരുവ് വിളക്കുകളും തെളിയിക്കുമെന്ന് മേയറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് മറുപടി പറഞ്ഞു.

 മേയറുടെ കസേരയിൽ ഡെപ്യൂട്ടി മേയർ

പതിവ് പോലെ ഇന്നലത്തെ കൗൺസിൽ യോഗത്തിലും വിജയ ഫ്രാൻസിസ് ഡെപ്യൂട്ടി മേയർക്കുള്ള ഡയസിലെ വലത് വശത്തെ കസേരയിലാണ് ആദ്യം ഇരുന്നത്. മേയറുടെ ചുമതല വഹിക്കുന്നതിനാൽ മദ്ധ്യത്തുള്ള കസേരയിൽ തന്നെ ഇരിക്കണമെന്ന് കൗൺസിലർമാരിൽ ചിലർ ആവശ്യപ്പെട്ടെങ്കിലും ഡെപ്യൂട്ടി മേയർ ആദ്യം ഒഴിഞ്ഞുമാറി. ഭരണപക്ഷ കൗൺസിലർമാർ കൂട്ടമായി ആവശ്യം ഉന്നയിച്ചതോടെ പ്രതിപക്ഷത്ത് നിന്ന് എതിർപ്പുകളുയരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം വിജയ ഫ്രാൻസിസ് മേയറുടെ കസേരയിലേക്കെത്തി.