c
ഖനനാനുമതി റദ്ദാക്കിയതിന് പിന്നിൽ കരിമണൽ ലോബിയും സർക്കാരുമായുള്ള അവിഹിത ബന്ധം

കൊല്ലം: സ്വകാര്യ കരിമണൽ ലോബിയും സർക്കാരുമായുള്ള അവിഹിതബന്ധമാണ് കെ.എം.എം.എല്ലിന്റെ ഖനനാനുമതി റദ്ദാക്കിയതിന് പിന്നിലെന്ന് ഐ.എൻ.ടി.യു.സി ദേശീയ സീനിയർ സെക്രട്ടറി കെ.സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൊന്മുട്ടയിടുന്ന താറാവായ കെ.എം.എം.എല്ലിനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കീറിമുറിക്കുകയാണ്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.

ഖനനാനുമതി റദ്ദാക്കിയതിന് പിന്നിൽ സ്വകാര്യ കരിമണൽ സ്ഥാപനങ്ങളിൽ നിന്ന് ബെനിഫിഷ്യേറ്റഡ് ഇൽമനൈറ്റ് (ബി.ഐ) ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ബി.ഐ വിലയ്ക്കുവാങ്ങുന്നവർ ടണിന് ഒരു ലക്ഷത്തോളം രൂപയാണ് നൽകേണ്ടി വരുന്നത്.

ഒന്നര ടൺ ഇൽമനൈറ്റ് കൊണ്ട് 35,000 രൂപയിൽ താഴെ മാത്രം ചെലവിൽ ഒരു ടൺ ബി.ഐ നിർമ്മിക്കാൻ സാധിക്കുമെന്നിരിക്കെ 35000 രൂപയ്‌ക്ക് ശേഷമുള്ള തുക കമ്മീഷനായി മാറുകയാണ്. സർക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആറോളം എം.ഡിമാർ നാലു വർഷത്തിനുള്ളിൽ കെ.എം.എം.എല്ലിൽ വന്നുപോയതെന്നും ഖനനാനുമതി റദ്ദാക്കിയതിലൂടെ തൊഴിലാളികൾ ആശങ്കയിലാണെന്നും സുരേഷ് ബാബു പറഞ്ഞു.