തഴവ : തഴവ തഴത്തോട് നവീകരണത്തിൽ വൻ ക്രമക്കേട് നടന്നതായി വ്യാപക പരാതി. തൊടിയൂർ മുണ്ടാലുംമൂട് ജംഗ്ഷൻ മുതൽ തഴവ തീപ്പുര ജംഗ്ഷൻ വരെയുള്ള തഴത്തോടിന്റ നവീകരണത്തിന് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ 2007-2008 സാമ്പത്തിക വർഷത്തിൽ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ വിവാദങ്ങളെ തുടർന്ന് 2009-2010ൽ ഇത് ഒരു കോടി തൊണ്ണൂറ്റിഎട്ട് ലക്ഷം രൂപയായി കുറയ്ക്കുകയും ചെയ്തു. എന്നാൽ കരാർ ഏറ്റെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പോലും ഭാഗികമായി മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. തോടിന് ഇരുവശവും ട്രാക്ടർ, ട്രില്ലർ പാസേജിനായി ഏറ്റെടുത്ത സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. ഇപ്പോൾ ഇത് സാമൂഹ്യ വിരുദ്ധരുടെയും മദ്യപന്മാരുടെയും ഇടത്താവളമായി മാറിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
പഞ്ചായത്തിൽ തന്നെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ നെൽവയലുകളാണ് തഴത്തോടിന് ഇരുവശവും ഉള്ളത്. ഇത് പരിഗണിച്ച് ഓണാട്ടുകര വികസന ഏജൻസിയാണ് തോട് നവീകരണത്തിനായുള്ള പദ്ധതി കെ.എൽ.ഡി.സിക്ക് സമർപ്പിച്ചത്.
കരാറിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതികൾ
തോടിന്റെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുക
ഇരുവശവും സംരക്ഷണ ഭിത്തി കെട്ടുക
തോടിന് പടിഞ്ഞാറുവശത്ത് മൂന്നു മീറ്റർ വീതിയിൽ ട്രാക്ടർ പാസേജ്, കിഴക്ക് വശത്ത് ഒന്നര മീറ്റർ വീതിയിൽ ട്രില്ലർ പാസേജ് എന്നിവ നിർമ്മിക്കുക
കൃഷിക്ക് അനുയോജ്യമായ രീതിയിൽ തടയണകൾ നിർമ്മിക്കുക
തോടിന് കുറുകേ യാത്രാ സൗകര്യമുള്ള പാലങ്ങൾ നിർമ്മിക്കുക
തഴത്തോടിൽ കൈയേറ്റം
തഴത്തോടിന് പതിനൊന്നു മീറ്ററോളം വീതിയുണ്ടായിരുന്നു. എന്നാൽ വ്യാപകമായ കൈയേറ്റം മൂലം ഇപ്പോൾ ഒന്നര മുതൽ മൂന്നു മീറ്റർ വരെ വീതിമാത്രമാണുള്ളത്. തോട് അളന്നു അതിർത്തി നിശ്ചയിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തഴത്തോട് നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വഷണം നടത്തണമെന്നും നവീകരണം പൂർത്തീകരിക്കാൻ അധികൃതർ മുൻകൈയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
തഴത്തോടിന്റെ വീതി (മുമ്പ്): 11 മീറ്റർ
കൈയേറ്റം മൂലം ഇപ്പോഴത്തെ വീതി: 1.5 മുതൽ 3 മീറ്റർ വരെ
2007-2008 സാമ്പത്തിക വർഷത്തിൽ തഴത്തോട് നവീകരണത്തിനായി 3 കോടി രൂപ അനുവദിച്ചെങ്കിലും വിവാദങ്ങളെ തുടർന്ന് 2009-2010 ൽ ഇത് 1.98 കോടി രൂപയായി കുറച്ചു