കുലശേഖരപുരം : കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ കരനെൽ കൃഷിയിടത്തിൽ കൊയ്ത്തുത്സവം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം എച്ച്.എ. സലാം, പി. ഉണ്ണി, സുധർമ്മ ഗോപിനാഥപിള്ള, വത്സലാഗോപി എന്നിവർ സംസാരിച്ചു. വാർഡിന്റെ വിവിധ ഭാഗങ്ങളിലായി തരിശായി കിടന്ന മൂന്നേക്കറിലധികം സ്ഥലത്താണ് കരനെൽക്കൃഷി ചെയ്തത്. വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ സഹകരിപ്പിച്ച് വാർഡിലെ മുഴുവൻ വീടുകളിലും ഇരുപത്തിയഞ്ചു പച്ചക്കറി തയ്‌കൾ വീതം നട്ടു സമ്പൂർണ്ണ അടുക്കളത്തോട്ടം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം എച്ച്. എ. സലാം പറഞ്ഞു.